പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മെഡി. കോളേജിലേതു തന്നെയെന്ന് പോലിസ്

Update: 2023-07-24 05:41 GMT
പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മെഡി. കോളേജിലേതു തന്നെയെന്ന് പോലിസ്
കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് മണക്കടവ് മലയില്‍ക്കുളങ്ങര കെ.കെ. ഹര്‍ഷിനയുടെവയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് പോലീസ് റിപ്പോര്‍ട്ട്. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതു തന്നെയെന്ന് പോലീസ് കണ്ടെത്തി. സത്യം എത്ര മൂടിവെച്ചാലും പുറത്തുവരുമെന്നതിന്റെ തെളിവാണിതെന്ന് ഹര്‍ഷിന വ്യക്തമാക്കി. അഞ്ചുവര്‍ഷം അനുഭവിച്ച കഷ്ടപ്പാടിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പൂര്‍ണമായും നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും ഹര്‍ഷിന പറഞ്ഞു

സത്യം എത്ര മൂടിവെച്ചാലും അത് ഒടുവില്‍ പുറത്തുവരുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്. എന്റെ പരാതി നൂറു ശതമാനവും സത്യമാണെന്ന് ഉറപ്പുള്ളതു കൊണ്ടാണല്ലോ ഇത്രയും വലിയ ഒരു പോരാട്ടത്തിന് ഞാന്‍ ഇറങ്ങിത്തിരിച്ചത്. ഒരാളുടെ അശ്രദ്ധ കൊണ്ട് അഞ്ചു വര്‍ഷമാണ് ഞാന്‍ വേദന അനുഭവിച്ചത്. ഇനിയൊരാള്‍ക്കും ഇതു പോലൊരും ദുരവസ്ഥ ഉണ്ടായിക്കൂടാ. അതുകൊണ്ടു കൂടിയാണ് സമരത്തിന് ഞാന്‍ തെരുവിലേക്കിറങ്ങിയത്. പൂര്‍ണമായും നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു.


ഇത്രയുംനാള്‍ എവിടെനിന്നാണ് കത്രിക കുടുങ്ങിയതെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് നടപടി എടുക്കാത്തതെന്നാണ് പറഞ്ഞതിരുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ പ്രതിഷേധം തുടരും. അഞ്ചുവര്‍ഷം കൊണ്ട് അനുഭവിച്ചത് ചെറിയ കാര്യമല്ലല്ലോ. അതിനുള്ള അര്‍ഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം തന്നേ മതിയാകൂ. ഞാന്‍ അനുഭവിച്ചതിന് എത്ര തന്നാലും മതിയാവില്ല. സാമ്പത്തികമായി ഒരുപാട് ബാധ്യതകളാണ് ഈ ഒറ്റ കാര്യംകൊണ്ട് ഉണ്ടായത്. തുടര്‍നടപടി കാത്തിരിക്കുകയാണ്. നീതി കിട്ടുന്നതുവരെ പോരാടും, ഹര്‍ഷിന വ്യക്തമാക്കി.






Tags:    

Similar News