കേരളത്തെ കലാപ ഭൂമിയാക്കാന്‍ ലക്ഷ്യമിടുന്ന കെ സുരേന്ദ്രന്റെ യാത്ര തടയണം: എസ്ഡിപി ഐ

ഓരോ ദിവസവും യാത്രയെ അഭിസംബോധന ചെയ്യുന്ന സംഘപരിവാര നേതാക്കള്‍ സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷം സംഘര്‍ഷ ഭരിതമാക്കുന്ന തരത്തില്‍ വിദ്വേഷ പ്രസ്താവനകളാണ് നടത്തുന്നത്. കേരളം മതമൗലീക വാദികളുടെ നാടായി മാറിയെന്ന കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തൃപ്പൂണിത്തുറയില്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്

Update: 2021-03-01 08:18 GMT

കൊച്ചി: കേരളത്തെ കലാപഭൂമിയാക്കാന്‍ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഓരോ ദിവസവും യാത്രയെ അഭിസംബോധന ചെയ്യുന്ന സംഘപരിവാര നേതാക്കള്‍ സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷം സംഘര്‍ഷ ഭരിതമാക്കുന്ന തരത്തില്‍ വിദ്വേഷ പ്രസ്താവനകളാണ് നടത്തുന്നത്. കേരളം മതമൗലീക വാദികളുടെ നാടായി മാറിയെന്ന കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ തൃപ്പൂണിത്തുറയില്‍ നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ പൗരന്മാരെ തമ്മിലടിപ്പിക്കാന്‍ ഇടയാക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടാവുന്നത് അപകടകരമാണ്.

ജനങ്ങളുടെ നികുതി പണം ചെലവഴിച്ച് സംസ്ഥാനത്തെത്തി കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സമാധാനത്തിന്റെ ശത്രുക്കളെ ജനങ്ങള്‍ തിരിച്ചറിയണം. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളം സമാധാനപരമാണ്. ഇവിടെ വന്ന് ബിജെപി നേതാക്കള്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം മലയാളികള്‍ തിരിച്ചറിയണം. സംഘപരിവാര നേതാക്കളുടെ വിദ്വേഷ ജല്‍പ്പനങ്ങളെ പ്രതിരോധിക്കാന്‍ ഇടതു-വലതു മുന്നണികള്‍ പരാജയപ്പെട്ടിരിക്കുന്നു. നിര്‍മ്മലാ സീതാ രാമന്റെ പ്രസ്താവന യഥാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ഒളിയമ്പാണ്.

അതിനെതിരേ ഇടതു സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കുന്ന നിസ്സംഗത ദുരൂഹമാണ്. കാസര്‍കോഡ് നിന്ന് യാത്ര ആരംഭിച്ചതു മുതല്‍ കേരളത്തില്‍ വലിയ തോതില്‍ വര്‍ഗീയ ധ്രുവീകരണമാണ് നടക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും ഭീകരനായ യുപി മുഖ്യമന്ത്രി യോഗിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ഈ യാത്ര കേരളത്തെ വെട്ടിമുറിച്ചാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് തടയാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും റോയ് അറയ്ക്കല്‍ മുന്നറിയിപ്പു നല്‍കി.വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി പി മൊയ്തീന്‍ കുഞ്ഞ് സംബന്ധിച്ചു.

Tags:    

Similar News