പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കണമെന്ന്; എസ്ഡിപി ഐ പോലിസില്‍ പരാതി നല്‍കി
തൃപ്പൂണിത്തുറ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റുമായ നെട്ടൂര്‍ മദ്രസ്സ പറമ്പില്‍ നിയാസ് മുഹമ്മദാലി പോലിസില്‍ പരാതി നല്‍കി. പനങ്ങാട് പോലിസ് എസ്എച്ച്ഒ, എറണാകുളം കമ്മീഷണര്‍ ഓഫ് പോലിസ്, അസിസ്റ്റന്റ് കമ്മീഷണര്‍ ടൗണ്‍ സൗത്ത് എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഈ മാസം എട്ടിന്
കോട്ടയം കുറവിലങ്ങാട് പളളിയിലെ എട്ട് നോമ്പ് തിരുദിനത്തില്‍ നടന്ന വചന സന്ദേശത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവും സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. മുസ് ലിം മത വിഭാഗത്തെ പൊതുസമൂഹത്തില്‍ മോശപ്പെടുത്തുന്ന രീതിയില്‍ മുസ് ലിംകള്‍ നാര്‍ക്കോട്ടിക് ജിഹാദ് നടത്തുന്നുവെന്നും, മറ്റു മതസ്ഥരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പിന് ശ്രമിച്ചിട്ടുളളതാണെന്നും മുസ്ലീം മതവിശ്വാസികളുടെ പേര് പറയാതെ ലൗജിഹാദികളെന്നും മുസ് ലിം ചെറുപ്പക്കാര്‍ മറ്റു മതസ്ഥരെ പ്രണയം നടിച്ച് നശിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ് പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനാണെന്നും പരാതിയില്‍ പറയുന്നു.
ലൗജിഹാദ് വിഷയം പോലിസും കോടതി അന്വേഷണവും നടത്തിയിട്ടുളളതും, സുപ്രീം കോടതിയും എന്‍ഐഎയും അടക്കമുളള ഏജന്‍സികള്‍ കേരളത്തില്‍ ലൗജിഹാദ് ഇല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ലൗജിഹാദ് പറഞ്ഞ് വീണ്ടും മുസ് ലിം സമൂഹത്തെ ആക്ഷേപിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതിനായി മനഃപൂര്‍വ്വം പ്രവര്‍ത്തിച്ചതാണെന്നും പരാതിയില്‍ പറയുന്നു. ബിഷപ് പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ കളവും തെറ്റിദ്ധാരണ നടത്തുന്നതുമാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ വേണ്ടി പളളി പോലുളള വിശുദ്ധ സ്ഥലങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ബിഷപ്പിന്റെ പ്രവൃത്തി കുറ്റകരവും ഇന്ത്യന്‍ ശിക്ഷാ നിയമം 153,153A, 505 (2) വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്നും ഇത് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇ മെയില്‍ വഴിയാണ് പരാതി നല്‍കിയിരിക്കുന്നത്.