വണ്ടിപ്പെരിയാര്‍ പീഡനക്കേസില്‍ ഗുരുതര വീഴ്ച; അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ സിഐ ടി.ഡി സുനില്‍കുമാറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സുനില്‍കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി പോക്‌സോ കോടതി കണ്ടെത്തിയിരുന്നു. നിലവില്‍ എറണാകുളം ജില്ലയിലെ വാഴക്കുളം പോലിസ് സ്റ്റേഷനില്‍ എസ്എച്ച്ഒ ആണ്. സുനില്‍കുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം റൂറല്‍ അഡി. പോലിസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വണ്ടിപ്പെരിയാറില്‍ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടര്‍ന്നു പ്രതി കുറ്റവിമുക്തനായ സംഭവത്തില്‍ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രതിപക്ഷത്തുനിന്ന് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. കേസില്‍ തൊണ്ടിമുതല്‍ ശേഖരിക്കുന്നതില്‍ കാലതാമസം വന്നതായി സണ്ണി ജോസഫ് പറഞ്ഞു. ''തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. പോലിസിന്റെ ഭാഗത്തു വീഴ്ചയുണ്ടായി. കോടതി വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതി സിപിഎമ്മുകാരനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിക്കായി നിലകൊണ്ടു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണം. കേസ് പുനരന്വേഷിക്കണം'' സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചത്. 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ അന്വേഷണത്തില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.