ലൈംഗികാതിക്രമ പരാതി; സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ തരംതാഴ്ത്തി

ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്.

Update: 2020-10-30 18:32 GMT

ഇടുക്കി: വനിതാപ്രവര്‍ത്തകയുടെ ലൈംഗികാതിക്രമ പരാതിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി കെ കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തി. ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്. സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്താക്കാനും ജില്ലാ എക്‌സിക്യുട്ടീവ് ശുപാര്‍ശ ചെയ്തു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് മഹിളാസംഘം പ്രവര്‍ത്തകയായ യുവതി കൃഷ്ണന്‍കുട്ടിക്കെതിരേ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയത്. ജില്ലാ ഘടകം പരാതിയില്‍ നടപടി കൈക്കൊള്ളാതിരുന്ന സാഹചര്യത്തില്‍ വിഷയം യുവതി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ധരിപ്പിച്ചു. ഇതെത്തുടര്‍ന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഇതിന് ശേഷം ആരോപണവിധേയനായ സംസ്ഥാന കൗണ്‍സില്‍ അംഗത്തെയും നേരിട്ടുകണ്ട് മൊഴിയെടുത്തു. ഇതോടൊപ്പം അമ്പതിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തി. ഇതൊക്കെ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസമാണ് അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

ലൈംഗികാതിക്രമ പരാതിയില്‍ സി കെ കൃഷ്ണന്‍കുട്ടി തെറ്റുകാരനാണന്നായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. സമാന സംഭവത്തില്‍ മുമ്പും സി കെ കൃഷ്ണന്‍കുട്ടിയെ സംസ്ഥാന സമിതിയില്‍നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ടെന്നും അതിനാല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ജില്ലാ കൗണ്‍സിലില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടു.

Tags:    

Similar News