തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ഷാജി എന്‍ കരുണിനെ നിയമിച്ചു. ചെയര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെത്തുടര്‍ന്ന്് വന്ന ഒഴിവിലേക്കാണ് നിയമനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് മെഡലോടുകൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഇദ്ദേഹം പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ചേര്‍ന്നാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.
കെജി ജോര്‍ജ്, എംടി തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്രാ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പിറവി എന്ന ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്രാ പ്രശസ്തി നേടിയ ഇദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അദ്ധ്യക്ഷനായും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടേ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചുണ്ട്.
കല-സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്കുന്ന ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ലെറ്റേഴ്‌സ് പുരസ്‌കാരവും 2011ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ച ഇദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നതോടെ കോര്‍പറേഷന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ വേഗവും കാര്യക്ഷമതയും കൈവരിക്കാനാകുമെന്നാണ് പ്രത്യാശ.