തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിമര്‍ശനത്തില്‍ കെ സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്. ഫേസ്ബുക്കിലൂടെയാണ് ഷമ മുഹമ്മദ് മറുപടിയുമായി എത്തിയത്. പാര്‍ട്ടി വക്താവ് എന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്സൈറ്റിലെ ചിത്രം പങ്കുവച്ചാണ് മറുപടി നല്‍കിയത്.
മൈ ഐ.ഡി എന്ന അടിക്കുറിപ്പോടെയാണ് ഷമ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് വെബ്സൈറ്റിലെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഡോ. ഷമ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം ചിത്രവും ഡല്‍ഹിയിലെ വിലാസം ഉള്‍പ്പെടെ ചേര്‍ത്തിട്ടുണ്ട്.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിമര്‍ശനം. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നായിരുന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. കഴിഞ്ഞ തവണ രണ്ടു വനിതകള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ഒന്നായി കുറഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിനെ വടകരയില്‍ മത്സരിപ്പിക്കുന്നതിലും ഷമ അതൃപ്തി പരസ്യമാക്കി. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബബന്ധങ്ങളുണ്ടെന്നുമായിരുന്നു വിമര്‍ശനം.