കാറിന് പിന്നില്‍ കാറിടിച്ചതിനെ ചൊല്ലി തര്‍ക്കം; അടിയേറ്റ് റോഡില്‍ വീണയാള്‍ ചികില്‍സയിലിരിക്കേ മരിച്ചു, പ്രതി ഒളിവില്‍ (വീഡിയോ)

Update: 2025-01-05 10:34 GMT

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. പുതുവര്‍ഷത്തലേന്ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ച് മര്‍ദ്ദനത്തിന് ഇരയായ കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. അടിയേറ്റ് റോഡില്‍വീണ് പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഇയാളെ മര്‍ദ്ദിച്ച ഷിബു എന്നയാള്‍ ഒളിവിലാണ്.


Full View

ഡിസംബര്‍ 31ന് രാത്രി 11.45ഓടെയാണ് സംഭവമുണ്ടായതെന്ന് പോലിസ് പറഞ്ഞു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ കാരണം. ഇതേത്തുടര്‍ന്ന് ഷിബു ഹനീഫയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡില്‍വീണത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റു. ഹനീഫയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ ഷിബു ഒളിവില്‍പോയെന്നാണ് വിവരം. ഇയാള്‍ക്കെതിരേ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോലിസ് അറിയിച്ചു.

Similar News