കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാവിലെ 10ന് തുറക്കും; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്
ഡാമിന്റെ രണ്ടുഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്സ് എന്ന തോതിലാണ് അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം എട്ടുമണിക്കൂറിനുശേഷം പെരുനാട്, റാന്നി എന്നിവിടങ്ങളിലെത്തും.
പത്തനംതിട്ട: കക്കി- ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മുതല്‍ തുറന്നുവിടുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടുഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്സ് എന്ന തോതിലാണ് അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. പുറത്തേക്ക് ഒഴുക്കുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം എട്ടുമണിക്കൂറിനുശേഷം പെരുനാട്, റാന്നി എന്നിവിടങ്ങളിലെത്തും.
പമ്പ നദിയില്‍ 10 സെ.മി വരെ ജലനിരപ്പ് ഉയരാം. ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമൂലം പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടിവരുന്നുള്ളൂ. അതിലൂടെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കാന്‍ കഴിയും. കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). അനുവദനീയമായ പരമാവധി ജലസംഭരണശേഷി 976.1 മീറ്ററാണ്.
റിസര്‍വോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് ജലനിരപ്പ് യഥാക്രമം 974.91 മീറ്റര്‍, 975.91 മീറ്റര്‍, 976.41 മീറ്റര്‍ എന്നിവയില്‍ എത്തിച്ചേരുമ്പോഴാണ്. നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ സൂചന ദൃശ്യ-ശ്രവ്യ-പത്ര-സാമൂഹ്യമാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. ജലസംഭരണിയിലെ ജലത്തിന്റെ അളവ് 976.91 മീറ്റര്‍ എത്തിച്ചേരുന്ന മുറയ്ക്കാണ് ഇന്ന് രാവിലെ 10ന് രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി പരമാവധി 25 ക്യുമെക്സ് എന്ന തോതില്‍ അധികജലം പമ്പാ നദിയിലേക്കു ഒഴുക്കിവിടുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. നദികളില്‍ ഇറങ്ങുന്നത് ഏതുസാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറണം. ആവശ്യമെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാംപുകളിലേക്കോ മാറേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.