'ശ്രീ എം' കടുത്ത ആര്‍എസ്എസ് ഭക്തന്‍; പിണറായിയുമായി ഏഴുവര്‍ഷമായി അടുത്ത ബന്ധം
സിപിഎം- ആര്‍എസ്എസ് രഹസ്യചര്‍ച്ചകള്‍ക്ക് ഒന്നിലേറെ തവണ 'ശ്രീ എം' മധ്യസ്ഥത വഹിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുവരുന്നത്. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടു എന്നതിലുപരി, ലാവ്‌ലിന്‍ കേസ് അട്ടിമറിയടക്കമുള്ള ആരോപണങ്ങളെ ബലപ്പെടുത്തുകയാണ് പിണറായി- ശ്രീ എം ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍.
പി സി അബ്ദുല്ല
കോഴിക്കോട്: ഇസ്‌ലാം ഉപേക്ഷിച്ച് സന്ന്യാസിയായി മാറിയ 'ശ്രീ എം' എന്ന മുംതാസ് അലി ഖാന്‍ മതേതര വാദിയും മനുഷ്യസ്‌നേഹിയുമാണെന്ന സിപിഎം, ബിജെപി വാദങ്ങള്‍ പൊളിയുന്നു. കടുത്ത ആര്‍എസ്എസ് ഭക്തനും സംഘപരിവാരവുമായി ആഴത്തില്‍ ബന്ധമുള്ളയാളുമാണ് 'ശ്രീ എം' എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് സിപിഎമ്മിനെ വെട്ടിലാക്കി. നിരവധി തവണ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുകയും സംഘത്തിന്റെ പല പദ്ധതികളിലും 'ശ്രീ എം' പങ്കാളിയാവുകയും ചെയ്തു.
ആര്‍എസ്എസ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് 'ഓര്‍ഗനൈസറി'ല്‍ ലേഖനങ്ങളെഴുതി. മോഹന്‍ ഭാഗവത്, നരേന്ദ്രമോദി, അമിത് ഷാ അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. അതേസമയം, പിണറായി വിജയനുമായി 2014 മുതല്‍ അടുപ്പമുള്ളതായി 'ശ്രീ എം' തന്നെ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് തന്റെ യോഗ സെന്ററിന് ഭൂമി ലഭിക്കാന്‍ അപേക്ഷ നല്‍കി ആഴ്ചകള്‍ക്കകം തന്നെ സര്‍ക്കാര്‍ അനുമതി ലഭിച്ചതായും പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് അനുവദിച്ച അഭിമുഖത്തില്‍ 'ശ്രീ എം' പറയുന്നു.
സിപിഎം- ആര്‍എസ്എസ് രഹസ്യചര്‍ച്ചകള്‍ക്ക് ഒന്നിലേറെ തവണ 'ശ്രീ എം' മധ്യസ്ഥത വഹിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുവരുന്നത്. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടു എന്നതിലുപരി, ലാവ്‌ലിന്‍ കേസ് അട്ടിമറിയടക്കമുള്ള ആരോപണങ്ങളെ ബലപ്പെടുത്തുകയാണ് പിണറായി- ശ്രീ എം ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍.
പിണറായി വിജയന്‍ പാര്‍ട്ടി നേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായ ശേഷവും ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ രണ്ട് രഹസ്യയോഗങ്ങളാണ് നടന്നത്. മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വാഹനവും എസ്‌കോര്‍ട്ടും ഒഴിവാക്കി സ്വകാര്യകാറിലാണ് പിണറായി ആര്‍എസ്എസ് ചര്‍ച്ചയ്‌ക്കെത്തിയതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ആദ്യം തിരുവനന്തപുരത്തും രണ്ടാമത് കണ്ണൂരും. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സിപിഎം നേതാക്കളും ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടി മാഷും മറ്റ് നേതാക്കളും പങ്കെടുത്തു.
2014ല്‍ പിണറായി പാര്‍ട്ടി നേതാവായിരിക്കെ സിപിഎം പ്രവര്‍ത്തകര്‍ക്കായി 'ശ്രീ എം' കണ്ണൂരില്‍ യോഗ ക്യാംപ് സംഘടിപ്പിച്ചിരുന്നു. അതില്‍ പിണറായി വിജയനും പങ്കെടുത്തു. അന്നുമുതല്‍ പിണറായിയുമായി അടുത്ത ബന്ധമാണെന്നാണ് 'ശ്രീ എം' വെളിപ്പെടുത്തിയത്. പിന്നീട് പതിവായി പിണറായിയെ കാണാറുണ്ടെന്നും തിരുവനന്തപുരത്ത് പോവുമ്പോള്‍ ചില ചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുത്തതായും ഓണ്‍ലൈന്‍ അഭിമുഖത്തില്‍ 'ശ്രീ എം' തുറന്നുപറയുന്നു. ഓര്‍ഗനൈസര്‍ പത്രാധിപര്‍ മല്‍ക്കാനിയുമായുള്ള അടുത്ത ബന്ധവും അദ്ദേഹം വെളിപ്പെടുത്തി.
ഓര്‍ഗനൈസറില്‍ ലേഖനങ്ങളെഴുതി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ അനുവാദപ്രകാരമാണ് കേരളത്തില്‍ സിപിഎം- ആര്‍എസ്എസ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത്. കണ്ണൂരിലെ യോഗത്തില്‍ പിണറായിക്ക് പുറമെ പി ജയരാജനും കോടിയേരിയുമുണ്ടായിരുന്നു. സമാധാനം പുനസ്ഥാപിക്കണമെന്ന തീരുമാനത്തോടെയാണ് ആ യോഗം പിരിഞ്ഞത്. 'ശ്രീ എം' മധ്യസ്ഥനായി നടന്ന ആര്‍എസ്എസ്- സിപിഎം ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ പൊതുവെ കുറഞ്ഞു. എന്നാല്‍, 2016 ല്‍ പിണറായി മുഖ്യമന്ത്രിയായതോടെ കണ്ണൂരില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞില്ല. 2016 മുതല്‍ രണ്ടുവര്‍ഷത്തിനിടെ കണ്ണൂരില്‍ കൊല്ലപ്പെട്ട 12 പേരില്‍ ഏഴുപേരും സിപിഎമ്മുകാരായിരുന്നു.
വല്‍സന്‍ തില്ലങ്കേരിയും പിണറായിയും ശ്രീ എമ്മും നടത്തിയ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് സിപിഎമ്മുകാര്‍ കൂടുതല്‍ കൊല്ലപ്പെട്ടു എന്നതില്‍ തീര്‍ന്നില്ല വിവാദം. അക്കാലയളവില്‍ പിണറായിയുടെ നിയന്ത്രണത്തിലുള്ള പോലിസിനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പോലും പരാതിയുമായി രംഗത്തെത്തുന്ന സാഹചര്യമുണ്ടായി. കണ്ണൂരില്‍ പോലും പോലിസ് ആര്‍എസ്എസ്സിനു വിധേയപ്പെട്ടത് പിണറായി- ആര്‍എസ്എസ് അന്തര്‍ധാരയുടെ ഭാഗമാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു.
2019 ജനുവരിയില്‍ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ച് 'ശ്രീ എം' ആദ്യം തുറന്നുപറഞ്ഞത്. ഓര്‍ഗനൈസര്‍ എഡിറ്ററും ജനസംഘം നേതാവുമായിരുന്ന കെ ആര്‍ മല്‍കാനിയുമായി ഗുരുതുല്യമായ ആത്മബന്ധം. ആര്‍എസ്എസ് ജേര്‍ണലായ മന്‍തന്‍ മാഗസിന്റെ ജോയിന്റ് എഡിറ്ററുമായിരുന്നു അദ്ദേഹം.
'ഒരു ഹിന്ദുവായതില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്ന തലക്കെട്ടില്‍ അന്ന് ഓര്‍ഗനൈസറില്‍ ലേഖനമെഴുതിയ ആളെയാണ് സിപിഎം ഇപ്പോള്‍ തികഞ്ഞ മതേതരവാദിയും നിഷ്‌കളങ്കനുമായി അവതരിപ്പിക്കുന്നത്.' ജനസംഘം- ആര്‍എസ്എസ് നേതാവും മുസ്‌ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റ് വിരുദ്ധ വിദ്വേഷ പ്രത്യയ ശാസ്ത്രത്തിന്റെ ശക്തനായ വക്താവുമായ നാനാജി ദേശ്മുഖ് ആണ് ശ്രീ എമ്മിന്റെ മാതൃകാ പുരുഷന്‍. ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ സിപിഎം- ആര്‍എസ്എസ് ചര്‍ച്ച നടന്നിട്ടില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കു പിന്നാലെ, രണ്ടുവട്ടം ചര്‍ച്ച നടന്നതായി പി ജയരാജന്‍ സ്ഥിരീകരിച്ചത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.