കൊവിഡ് ബാധിച്ചവരില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൂടുതല്‍ പ്രതിരോധ ശേഷിയെന്ന് പഠനം
ക്ലിനിക്കല്‍ ഇമ്യൂണോളജിസ്റ്റായ ഡോ.പദ്മനാഭ ഷേണായിയാണ് പഠനഫലം പുറത്തു വിട്ടത്.വാക്‌സിനിലൂടെ ലഭിക്കുന്നതും രോഗം വന്ന് ഭേദമാകുന്നതോടെ ലഭിക്കുന്നതുമായ പ്രതിരോധ ശേഷിയേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഹൈബ്രിഡ് ഇമ്യൂണിറ്റിയെന്ന് ഡോ.ഷേണായി വിശദീകരിച്ചു.
കൊച്ചി: കൊവിഡ് വന്നതിന് ശേഷം ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ പ്രതിരോധശേഷിയെന്ന് പഠനം. ക്ലിനിക്കല്‍ ഇമ്യൂണോളജിസ്റ്റായ ഡോ.പദ്മനാഭ ഷേണായിയാണ് പഠനഫലം പുറത്തു വിട്ടത്. കൊച്ചിയിലെ കെയര്‍ ആശുപത്രിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മുന്‍പ് കൊവിഡ് ബാധിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലുണ്ടാകുന്ന പ്രതിരോധ ശേഷിയെ ഹൈബ്രിഡ് ഇമ്യൂണിറ്റി എന്നാണ് വിളിക്കുന്നത്. വാക്‌സിനിലൂടെ ലഭിക്കുന്നതും രോഗം വന്ന് ഭേദമാകുന്നതോടെ ലഭിക്കുന്നതുമായ പ്രതിരോധ ശേഷിയേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഹൈബ്രിഡ് ഇമ്യൂണിറ്റിയെന്ന് ഡോ.ഷേണായി വിശദീകരിച്ചു.
രോഗം വരാതെ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരേക്കാളും രോഗബാധയിലൂടെ ആര്‍ജ്ജിത പ്രതിരോധം ലഭിച്ചവരേക്കാളും 30 ഇരട്ടി പ്രതിരോധശേഷി ഹൈബ്രിഡ് ഇമ്യൂണിറ്റിയുള്ളവര്‍ക്കുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. കൊവിഡ് ബാധിച്ചവരോ വാക്‌സിന്‍ എടുത്തവരോ ആയ 1500 ഓട്ടോഇമ്യൂണ്‍ റൂമാറ്റിക് രോഗികളിലാണ് പഠനം നടത്തിയത്. ഒറ്റ ഡോസ് വാക്‌സിനിലൂടെ തന്നെ ശരീരത്തിന് വൈറസിനെ കീഴടക്കാനുള്ള ശേഷി ലഭിക്കും. ഇത് കൂടുതല്‍ കാലം നീണ്ടു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗാണുക്കളോട് പൊരുതുന്ന ആന്റിബോഡികളുടെ സാന്നിധ്യം 20 ആണെങ്കില്‍ രോഗം ബാധിച്ച് ആര്‍ജ്ജിത പ്രതിരോധമുണ്ടായവരില്‍ ഇത് 87 ആണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഇതിന്റെ അളവ് 322 ആയിരിക്കും. അതേസമയം രോഗം ബാധിച്ച ശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ആന്റിബോഡി സാന്നിധ്യം 11144 ആയിരിക്കുമെന്നാണ് പഠനം തെളിയിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം ആളുകളില്‍ രണ്ടാം ഡോസിന്റെ ആവശ്യമുണ്ടാകുന്നില്ല. മൂന്നു കോടിയോളം വാക്‌സിന്‍ ഡോസുകള്‍ ഇതിലൂടെ ലാഭിക്കാനാകുമെന്നും വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ ഇത് വലിയൊരളവു വരെ സഹായകമാകുമെന്നും ഡോ.ഷേണായി വ്യക്തമാക്കി.