കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിനിയായ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ഥിയാണെന്ന പരിഗണനയിലാണ് കോടതി ജാമ്യം നല്‍കിയത്.
ഡിസംബര്‍ 12 മുതല്‍ ജൂഡിഷ്യല്‍ കസ്റ്റഡിലാണെന്നും തുടര്‍പഠനം മുന്നോട്ട് കൊണ്ടുപോകണമെന്നും റുവൈസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി സഹകരിക്കുമെന്നും റുവൈസ് അറിയിച്ചു. ഇതോടെയാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന, മികച്ച അക്കാദമിക് പിന്‍ബലമുണ്ടായിരുന്ന വ്യക്തിയാണ് സ്ത്രീധനം ആവശ്യപ്പെട്ടു എന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഡിസംബര്‍ നാലിനാണ് ഷഹ്നയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നത്. വിവാഹത്തിനായി റുവൈസിന്റെ കുടുംബം വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതന്നായിരുന്നു കുടുംബത്തിന്റെ പരാതി.