അഫ്ഗാനിലേക്കാൾ താലിബാനികൾ കേരളത്തിൽ: മുസ് ലിംവിരുദ്ധ പോസ്റ്റ് പങ്കുവച്ച് സുനിൽ പി ഇളയിടം
പോസ്റ്റിൽ പങ്കുവച്ചതാകട്ടെ ഒരു കയ്യിൽ ഖുർആനും ഒരു കയ്യിൽ തോക്കുമായി നിൽക്കുന്ന ഹമാസ് പോരാളിയുടേതാണ്.
കോഴിക്കോട്: അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ മുസ് ലിം വിരുദ്ധ പ്രചാരണങ്ങൾ കേരളത്തിൽ വർധിച്ചു വരികയാണ്. സംഘപരിവറിൽ നിന്നുയരുന്ന ഇത്തരം പ്രചാരണങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇടതുപക്ഷ ചിന്തകൻ സുനിൽ പി ഇളയിടം. അഫ്ഗാനിലേക്കാൾ താലിബാനികൾ കേരളത്തിലുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് സുനിൽ പി ഇളയിടം പങ്കുവച്ചതാണ് ഇപ്പോൾ വിവാദത്തിനിടയാക്കിയത്.
"നാല് കോടിയോളമാണ് അഫ്ഗാൻ ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികൾ. അരലക്ഷത്തിൽ കൂടുതലാണ് താലിബൻ മതഭീകരർ. താലിബൻ ഫാൻസ് അതിലും കൂടുതലില്ലേ കേരളത്തിൽ? സത്യായിട്ടും പേടിയാവുന്നുണ്ട്. നിറതോക്കിനൊപ്പം കാണേണ്ടതല്ല ഈ വിശുദ്ധഗ്രന്ഥം" എന്നാണ് പോസ്റ്റിൽ പറയുന്നത്.
താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രേം കുമാർ എന്നയാളെഴുതിയ പോസ്റ്റിൽ പങ്കുവച്ചതാകട്ടെ ഒരു കയ്യിൽ ഖുർആനും ഒരു കയ്യിൽ തോക്കുമായി നിൽക്കുന്ന ഹമാസ് പോരാളിയുടേതാണ്. സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഇതിനെതിരേ ഉയർന്നിരിക്കുന്നത്.