എസ്‌വൈഎഫ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യവാരം സമാപിച്ചു; ഫലസ്തീന്‍ സമരങ്ങളെ ലോകരാജ്യങ്ങള്‍ അവഗണിക്കുന്നു: മന്ത്രി അഹ്മദ് ദേവര്‍ കോവില്‍

Update: 2021-05-24 15:45 GMT

മലപ്പുറം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയ സ്വാതന്ത്ര്യസമരങ്ങളോട് ലോകമനസ്സാക്ഷിയും ലോകരാജ്യങ്ങളും അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കുമ്പോള്‍ ഫലസ്തീനികളുടെ കാര്യത്തില്‍ മാത്രം വിപരീത നിലപാട് എടുക്കുന്നത് ഖേദകരമാണെന്ന് തുറമുഖ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. അധിനിവേഷ ജൂതരാഷ്ട്രമായ ഇസ്രായേല്‍ അവരുടെ അതിര്‍ത്തി വിസ്തൃതമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന അക്രമങ്ങള്‍ക്ക് ഫലസ്തീനിലെ ആബാലവൃദ്ധം ജനങ്ങളും ഇരയായിക്കൊണ്ടിരിക്കുകയാണെന്നും ഇതില്‍ പൊതുമനസ്സാക്ഷി ഇരകളുടെ കൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്‍: പീഡിതര്‍ക്കൊപ്പം പ്രാര്‍ത്ഥനാപൂര്‍വം എന്ന പ്രമേയത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) മെയ് 18 മുതല്‍ ആരംഭിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യവാരത്തിന്റെ സമാപനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥി ശംസീര്‍ കേളോത്ത്, എസ്‌വൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി കാളികാവ്, കെ സദഖത്തുല്ല മുഈനി കാടാമ്പുഴ, ഖമറുദ്ദീന്‍ വഹബി ചെറുതുരുത്തി എന്നിവര്‍ സംസാരിച്ചു.

മെയ് 18 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ഐക്യദാര്‍ഢ്യ വാരാചരണത്തില്‍ നേതൃസ്മൃതി, വെബനാര്‍, പ്രാര്‍ത്ഥനാ മജ്‌ലിസ് തുടങ്ങിയ വിവിധ പരിപാടികളില്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, അഡ്വ. ടി സിദ്ദീഖ് എംഎല്‍എ, അഡ്വ. ഫൈസല്‍ ബാബു, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, അലി അക്ബര്‍ മൗലവി, അഡ്വ. ഫാറൂഖ് മുഹമ്മദ് ബത്തേരി, സലിം വഹബി ഉപ്പട്ടി, ഇബ്രാഹിം വഹബി തോണിപ്പാടം, അശ്‌റഫ് ബാഖവി ഒടിയപാറ, റിയാസ് ഗസ്സാലി വെള്ളിലാടി, ബശീര്‍ വഹബി അടിമാലി, മുഹമ്മദ് ആശിഖ് ഡല്‍ഹി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News