തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ്: മമ്പറം ദിവാകരന് അടിതെറ്റി; യുഡിഎഫ് ഔദ്യോഗിക പാനലിന് ജയം

Update: 2021-12-05 17:29 GMT

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഔദ്യോഗിക പാനലിന് വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ തോല്‍പ്പിച്ചാണ് യുഡിഎഫിന്റെ ജയം. മല്‍സരം നടന്ന 12 സീറ്റിലും യുഡിഎഫ് ജയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയുടെ ദീര്‍ഘകാല പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനും ഡിസിസി നേതൃത്വവും തമ്മിലുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്.

പാര്‍ട്ടി നിര്‍ദേശിച്ച വ്യക്തികളെ പാനലില്‍ ഉള്‍പ്പെടുത്താതിരുന്നതിനെത്തുടര്‍ന്ന് മമ്പറം ദിവാകരനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പുറത്താക്കിയതോടെയാണ് തര്‍ക്കം മുറുകിയത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത് മുതല്‍, ആശുപത്രി പ്രസിഡന്റ് കൂടിയായ ദിവാകരനുമായി പലതവണ പാര്‍ട്ടി സമവായ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നല്‍കുന്ന ലിസ്റ്റില്‍നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ ലിസ്റ്റ് തള്ളി സ്വന്തം പാനലില്‍ നിന്നുള്ളവരെ മല്‍സരിപ്പിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്.

പാര്‍ട്ടിയുടെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനല്‍ എന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. 30 വര്‍ഷത്തോളം ആശുപത്രി സംഘം പ്രസിഡന്റായിരുന്ന മമ്പറം ദിവാകരന്‍ സമീപകാലത്താണ് കെ സുധാകരനുമായി ഇടഞ്ഞത്. കെ സുധാകരനടക്കമുള്ള നേതാക്കള്‍ തലശ്ശേരിയില്‍ ക്യാംപ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. 2016ല്‍ ഡിസിസി നിര്‍ദേശിച്ച രണ്ടുപേരെ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നിരുന്നു.

മല്‍സരിച്ച രണ്ടുപേരും അന്ന് പരാജയപ്പെടുകയാണുണ്ടായത്. 5284 അംഗങ്ങളാണ് ആസ്പത്രി സംഘത്തിലുള്ളത്. 4,318 പേര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയിരുന്നു. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെയായിരുന്നു തിരഞ്ഞെടുപ്പ്. ഏതാണ്ട് 1700 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരുപാനലും മല്‍സരിപ്പിച്ചത്. എട്ട് ജനറല്‍, മൂന്ന് വനിത, ഒരു പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഉള്‍പ്പെടെ 12 സീറ്റുകളിലേക്കായിരുന്നു മല്‍സരം. ഇതില്‍ ഡോക്ടര്‍മാരുടെ വിഭാഗത്തില്‍നിന്ന് ഡോ. രഞ്ജിത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കൂത്തുപറമ്പ്, ധര്‍മടം, തലശ്ശേരി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലുള്ളവരാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗവും. ഇവരിലേറെയും കോണ്‍ഗ്രസ് അനുഭാവികളുമാണ്. ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തില്‍ സിപിഎം ഇടപെട്ടിരുന്നില്ല. ഗുണ്ടകളെയിറക്കി കെ സുധാകരന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് ശക്തമായ പോലിസ് കാവലുണ്ടായിരുന്നു.

Tags:    

Similar News