സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

ഇതിനകം തന്നെ ഒമ്പത് പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.

Update: 2021-01-27 12:37 GMT

തിരുവനന്തപുരം: സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബര്‍ 17 ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27 ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനകം തന്നെ ഒമ്പത് പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു. 100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍തന്നെ പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാണെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ 1400 രൂപയില്‍ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതല്‍ 1500 രൂപയാക്കിയ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും.

16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി. 100 ദിന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇപ്പോള്‍ തുടക്കം കുറിച്ച പരിപാടികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാലും പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അവലോകന യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്തു.

Tags:    

Similar News