പീപ്പിള്‍സ് ഫൗണ്ടേഷന്‍ 30,000 പെരുന്നാള്‍ കിറ്റുകള്‍ നല്‍കും
പിന്നാക്ക- മലയോര-തീര-ചേരി പ്രദേശങ്ങളിലെയും, കൊറോണ പകര്‍ച്ചവ്യാധി മൂലം തൊഴിലില്ലാതെ നിത്യവൃത്തിക്ക് പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്കും മുന്‍ഗണന നല്‍കും.
കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്‍ പെരുന്നാളിന് നിര്‍ധനകുടുംബങ്ങള്‍ക്കായി 30,000 ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ എം കെ മുഹമ്മദലി അറിയിച്ചു.14 ജില്ലകളിലായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോഡിനേറ്റര്‍മാര്‍ മുഖേനയാണ് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുക. പിന്നാക്ക- മലയോര-തീര-ചേരി പ്രദേശങ്ങളിലെയും, കൊറോണ പകര്‍ച്ചവ്യാധി മൂലം തൊഴിലില്ലാതെ നിത്യവൃത്തിക്ക് പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്കും മുന്‍ഗണന നല്‍കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കിറ്റ് വിതരണം ആരംഭിച്ചു.
നേരത്തെ നടപ്പാക്കിയ ഇഫ്താര്‍ പദ്ധതിയിലൂടെ പന്ത്രണ്ടായിരത്തില്‍ പരം കുടുംബങ്ങള്‍ക്ക് റമദാനില്‍ ഒരു മാസത്തെ ഭക്ഷണ സാധനങ്ങള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ എത്തിച്ചുനല്‍കിയിരുന്നു. കുടുംബനാഥന്‍മാര്‍ വീടുകളിലും മറ്റും രോഗസംശയത്താല്‍ നിരീക്ഷണത്തില്‍ കഴിയുന്ന നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിച്ചുനല്‍കാന്‍ എല്ലാ ജില്ലകളിലും, ഏരിയാ തലങ്ങളിലും ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ തന്നെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സൗകര്യ മൊരുക്കിയിരുന്നു. 16,873 കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്. പുറംപോക്കില്‍ താമസിക്കുന്നവര്‍, റേഷന്‍ കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങള്‍, നിത്യരോഗികള്‍, പാരാപ്ലീജിയ രോഗികള്‍, കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകള്‍ തുടങ്ങി ഏറ്റവും പ്രയാസം നേരിടുന്നവര്‍ക്കാണ് ഭക്ഷണ ധാന്യങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കിയത്. 17931 പേര്‍ക്ക് ഭക്ഷണ പൊതികളും എത്തിച്ചുനല്‍കി. ഭവനരഹിതരുടെ ക്യാംപിലേക്കും, കുടിയേറ്റ തൊഴിലാളികള്‍, തെരുവില്‍ അന്തിയുറങ്ങുന്നവര്‍ എന്നിങ്ങനെ നിരവധി പേര്‍ക്ക് ദിവസവും പീപ്പിള്‍സ് ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ പാചകം ചെയ്ത ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്.
കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 21,000 ത്തില്‍ പരം മാസ്‌കുകള്‍ ഇതുവരെ നിര്‍മിച്ചുനല്‍കുകയും, 2,922 സാനിറ്റൈസര്‍ വിതരണം ചെയ്യുകയും ചെയ്തു. കൊല്ലം അഞ്ചലില്‍ പ്രവാസി വെല്‍ഫെയര്‍ ഫോറവുമായി ചേര്‍ന്ന് മാസ്‌ക്ക് നിര്‍മാണത്തിനായി പ്രത്യേകം യൂണിറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 592 കുടുംബങ്ങള്‍ക്ക് ഭക്ഷണത്തിന് പുറമെയുള്ള മറ്റ് അടിയന്തര സഹായങ്ങളും എത്തിച്ചു. 200 കുടുംബങ്ങളിലെ നിത്യരോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വാങ്ങിനല്‍കി. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി പീപ്പിള്‍സ് ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനവ് മൈഗ്രന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ കുടിയേറ്റ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാംപും, കൊവിഡ് 19 ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അവര്‍ക്കായുള്ള ഹെല്‍പ്പ് ഡെസ്‌ക് സേവനങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.