വിദ്യാർഥിനികളെ അകാരണമായി പ്രധാനധ്യാപിക മർദ്ദിച്ചതായി പരാതി
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മുഹ്സിന, മാജിദ ഫർഹാനഫാത്തിമ അൻഷിദ, അസ്ന, മർവ എന്നിവരെയാണ് പ്രധാനധ്യാപിക ഉഷ പി ടി മർദ്ദിച്ചത്
ചെറുതുരുത്തി: വിദ്യാർഥിനികളെ അകാരണമായി പ്രധാനധ്യാപിക മർദ്ദിച്ചതായി പരാതി. തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം. മർദ്ദനമേറ്റ വിദ്യാർഥിനികൾ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
പാഞ്ഞാൾ ഹൈസ്കൂൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മുഹ്സിന, മാജിദ ഫർഹാനഫാത്തിമ അൻഷിദ, അസ്ന, മർവ എന്നിവരെയാണ് പ്രധാനധ്യാപിക ഉഷ പി ടി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം 4 മണിയോടെയായിരുന്നു സംഭവം.
സ്കൂൾ അവസാന ദിവസമായതിനാൽ പത്താം തരത്തിൽ പഠിക്കുന്ന കുട്ടികളും ഒമ്പതാം തരത്തിൽ പഠിക്കുന്ന കുട്ടികളും കലഹമുണ്ടായിരുന്നു. ഇതിൽ പെടാതെ കടയിൽ പോയി സാധനങ്ങൾ വാങ്ങി വരുന്ന ഈ കുട്ടികളെ കാര്യം അറിയാതെ മർദ്ദിക്കുകയായിരുന്നുവെന്നും, ഇത് ചോദ്യം ചെയ്തപ്പോൾ കായികാധ്യാപകൻ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ പറഞ്ഞു.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർഥിനികളെ പോപുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ഇ എം മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ പോപുലർ ഫ്രണ്ട് എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.