തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയ സംഭവം; നാല് പ്രതികള്‍ പിടിയില്‍

അക്രമിസംഘത്തെ അനുഗമിച്ച് ഒരു കാറുമുണ്ടായിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീകാര്യത്തുനിന്നാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്.

Update: 2021-04-30 04:10 GMT

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിമാറ്റിയ സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സുമേഷ്, മനോജ്, ബിനു, അനന്തു എന്നിവരെയാണ് ശ്രീകാര്യം പോലിസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലിസ് പിടിച്ചെടുത്തു. ശ്രീകാര്യത്തുനിന്നാണ് ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. അക്രമിസംഘത്തിലുള്ളവരുമായി സംഭവത്തിനു മുമ്പ് ഫോണില്‍ ബന്ധപ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. അക്രമിസംഘത്തെ അനുഗമിച്ച് ഒരു കാറുമുണ്ടായിരുന്നതായി പോലിസ് കണ്ടെത്തിയിരുന്നു. ഇവര്‍ ഗൂഢാലോചനയില്‍ ബന്ധമുള്ളവരാണെന്ന നിഗമനത്തിലാണ് പോലിസ്.

പോലിസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആര്‍എസ്എസ് കാര്യവാഹകായിരുന്ന കല്ലമ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാലാണ് പ്രതികള്‍ വെട്ടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി സംസാരിച്ചിരിക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി ഹെല്‍മറ്റ് ധരിച്ചെത്തിയ നാലംഗ സംഘം എബിയെ ആക്രമിച്ചത്. ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം.

അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് എബി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വലതുകാല്‍ പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലുള്ള എബിയെ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലേക്ക് മാറ്റി. കഴക്കൂട്ടം സൈബര്‍സിറ്റി എസിയുടെ നേതൃത്വത്തിലാണ് ശ്രീകാര്യം പോലിസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

Tags:    

Similar News