തിരുവനന്തപുരം: കസ്റ്റംസിന്റെ രാഷ്ട്രീയ വിടുവേലയ്‌ക്കെതിരെ കേരളത്തിലുയര്‍ന്ന ജനകീയരോഷം ബിജെപി സംസ്ഥാന അധ്യക്ഷന്റെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും സമനില തെറ്റിച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്.
ഈ സംഘത്തിന്റെ ഏറ്റവും വലിയ ആയുധമായിരുന്നു ഈ വ്യാജമൊഴിയെന്ന് അവരുടെ പ്രതികരണങ്ങള്‍ തെളിയിക്കുന്നു. അത് ചീറ്റിപ്പോയപ്പോഴുണ്ടായ ഇച്ഛാഭംഗം മനസിലാക്കാവുന്നതേയുള്ളൂ. ഇത്തരം തട്ടിക്കൂട്ടു മൊഴികളും അതിനെച്ചൊല്ലി സൃഷ്ടിച്ചെടുക്കുന്ന മാധ്യമകോലാഹലവുമൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്ന്, ചരടുവലിക്കുന്ന മാഫിയാ സംഘത്തിന് ബോധ്യമായി.
കസ്റ്റംസ് നിയമപരമായ നടപടിക്രമങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത് എന്നാണ് വി മുരളീധരന്റെ വക്കാലത്ത്. ഉദ്യോഗസ്ഥരുടെ ചരട് ആരുടെ കൈയിലാണ് എന്ന് ഇനി സംശയിക്കേണ്ട കാര്യമില്ല. മുരളീധരന്‍ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെയാണ് അവര്‍ പോകുന്നത്.
ഈ കസ്റ്റംസുകാരുടെ മുന്നിലൂടെയാണല്ലോ സ്വര്‍ണവും ഡോളറും യഥേഷ്ടം കടത്തിക്കൊണ്ടുപോയത്. ഒന്നും കണ്ടുപിടിക്കാനോ തടയാനോ കഴിയാത്തവരാണ്, ഒരു പ്രതിയുടെ തട്ടിക്കൂട്ടു മൊഴിയുമായി മുഖ്യമന്ത്രിയെയും സ്പീക്കറെയും മന്ത്രിമാരെയും വേട്ടയാടാമെന്ന് വ്യാമോഹിക്കുന്നത്.
പ്രതിയുടെ മൊഴി മാത്രം പോരല്ലോ. അത് സാധൂകരിക്കുന്ന മറ്റു വസ്തുതകളും അന്വേഷണത്തില്‍ തെളിയണം. അതിനുള്ള ഒരു ശ്രമവും കസ്റ്റംസ് നടത്തിയിട്ടില്ല. ഇത്രയും കാലം മൊഴിയും വായിച്ച് പഴവും വിഴുങ്ങിയിരിക്കുകയായിരുന്നു അവര്‍. സത്യാവസ്ഥ കണ്ടുപിടിക്കാന്‍ എന്തെങ്കിലും അന്വേഷണം നടത്തിയതിന്റെ ഒരു സൂചനയും സത്യവാങ്മൂലത്തിലില്ല. എന്നു മാത്രമല്ല, പറഞ്ഞ കാര്യങ്ങളൊക്കെ തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രതിയുടെ ചുമലില്‍ ചാരി കസ്റ്റംസ് കൈയൊഴിയുകയും ചെയ്തിരിക്കുന്നു.
രാഷ്ട്രീയ ലക്ഷ്യത്തോടെ തട്ടിക്കൂട്ടിയ മൊഴി, രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തുവിട്ടിരിക്കുന്നു.
അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഏതു ശ്രമവും രാഷ്ട്രീയമായിത്തന്നെ നേരിടും. അത് സ്വാഭാവികമാണ്. അധികാരത്തിന്റെ ഇത്തരം കടന്നുകയറ്റങ്ങളെ കൈയും നീട്ടി സ്വീകരിക്കുന്ന നാടല്ല കേരളം. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയുമൊക്കെ ഉപജാപങ്ങള്‍ ഇവിടെ ചെലവാകില്ല എന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് ഒരിക്കല്‍ക്കൂടി ബോധ്യമാകുമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.