കുട്ടികളെ മറയാക്കി ലഹരി കടത്ത്; ദമ്പതികള്‍ ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍
ഗൂഡല്ലൂര്‍ ചൂണ്ടി ഭാഗത്ത് അസ്ലാമിന്റെ 5 ഏക്കര്‍ കൃഷിയിടം മറയാക്കിയായിരുന്നു ലഹരികടത്തെന്ന് അധികൃതര്‍ പറഞ്ഞു.
നിലമ്പൂര്‍: കുട്ടികളെ മറയാക്കി ലഹരിമരുന്ന് കടത്തിയ ദമ്പതികള്‍ ഉള്‍പ്പെടെ നാലംഗ സംഘത്തെ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പ്രതികളില്‍നിന്ന് 75.458 ഗ്രാം എംഡിഎംഎയും കടത്താനുപയോഗിച്ച 3 വാഹനങ്ങളും പിടിച്ചെടുത്തു. ഇവരുടെ കൂടെയുണ്ടായിരുന്ന 2, 7 വയസ്സുള്ള കുട്ടികളെ ബന്ധുക്കള്‍ക്കു കൈമാറി.
കാരക്കുന്ന് പുലത്ത് കൊല്ലപ്പറമ്പില്‍ അസ്ലാമുദ്ദീന്‍ (31), ഭാര്യ എന്‍കെ ഷിഫ്‌ന (26), സുഹൃത്തുക്കളായ കാവന്നൂര്‍ അത്താണിക്കല്‍ മുഹമ്മദ് സാദത്ത് (29), വഴിക്കടവ് കമ്പളക്കല്ല് നരിക്കോട്ടുമ്മല്‍ കമറുദ്ദീന്‍ (36) എന്നിവരെയാണ് എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല ഇന്റലിജന്‍സ് സ്‌ക്വാഡിലെ ടി ഷിജുമോന്‍, മുഹമ്മദ് ഷഫീഖ്, മനോജ് കുമാര്‍ എന്നിവര്‍ പിടികൂടിയത്.
അസ്ലാമുദ്ദീന്‍ ആണ് സംഘത്തിന്റെ സൂത്രധാരന്‍. ഗൂഡല്ലൂര്‍ ചൂണ്ടി ഭാഗത്ത് അസ്ലാമിന്റെ 5 ഏക്കര്‍ കൃഷിയിടം മറയാക്കിയായിരുന്നു ലഹരികടത്തെന്ന് അധികൃതര്‍ പറഞ്ഞു. കൃഷിയിടത്തിലേക്കെന്നു പറഞ്ഞ് ദമ്പതികള്‍ നാട്ടില്‍നിന്നു പോകുന്നത് ബംഗളൂരുവിലേക്കായിരുന്നു. അവിടെ നിന്നു ലഹരിമരുന്നു വാങ്ങി ചൂണ്ടിയില്‍ തങ്ങും. സാഹചര്യം അനുകൂലമെന്നു കണ്ടാല്‍ നാടുകാണിചുരം വഴി കേരളത്തിലേക്കു കടത്തും.
കുട്ടികളും സ്ത്രീയും ഒപ്പമുള്ളതിനാല്‍ കാര്യമായ പരിശോധന ഉണ്ടാകാറില്ല. ഒരാഴ്ച മുമ്പ് സംഘം ബംഗളൂരുവിലേക്കു പുറപ്പെട്ടപ്പോള്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്‍കിയ വിവരമാണു പ്രതികളെ കുടുക്കിയത്. തുടര്‍ന്ന് സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ജാഗ്രതയിലായി. ചൂണ്ടിയില്‍ ഇവര്‍ തിരിച്ചെത്തിയതു മുതല്‍ ചുരത്തില്‍ രാപകല്‍ നിരീക്ഷണം തുടങ്ങി. കമ്പളകല്ലില്‍ നിന്നു കമറുദ്ദീനെ ചൂണ്ടിയിലേക്കു വരുത്തി. എംഡിഎംഎ 3 പൊതികളാക്കി. ഓരോ പൊതി മുഹമ്മദ് സാദത്ത്, കമറുദ്ദീന്‍ എന്നിവരെ ഏല്‍പ്പിച്ചു. ഒന്ന് ഷിഫ്‌നയും കൈവശം വച്ചു.
കഴിഞ്ഞ ദിവസം രാത്രി എംഡിഎംഎയുമായി ജീപ്പില്‍ മുഹമ്മദ് സാദത്ത് പുറപ്പെട്ടു. പിന്നാലെ മഴയത്ത് ബൈക്കില്‍ ഷിഫ്‌നയും കുട്ടികളുമായി അസ്ലാമുദ്ദീനും. സ്‌കൂട്ടറില്‍ കമറുദീനും ചേര്‍ന്നു. എക്‌സൈസ് സംഘം വിരിച്ച വലയിലേക്കാണ് എല്ലാവരും എത്തിപ്പെട്ടത്. ഷിഫ്‌നയുടെ ബാഗില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. സമാന രീതിയില്‍ മുമ്പ് പല തവണ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്ന് ദമ്പതികള്‍ കുറ്റസമ്മതം നടത്തിയെന്ന് അധികൃതര്‍ പറഞ്ഞു.