ക്ഷേത്രങ്ങളിലെ വരുമാനം നിലച്ചു; തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
ശമ്പളവും പെൻഷനും നൽകാൻ സഹായം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് സർക്കാരിന് കത്തുനൽകി.
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വരുമാനം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശമ്പളവും പെൻഷനും നൽകാൻ സഹായം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് സർക്കാരിന് കത്തുനൽകി. 100 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ 1248 ക്ഷേത്രങ്ങളിൽ 61 ക്ഷേത്രങ്ങളിൽ നിന്നു മാത്രമാണ് വരുമാനം ലഭിക്കുന്നത്. ബാക്കി പല ക്ഷേത്രങ്ങൾക്കും നിത്യ ചെലവുകൾക്കടക്കം ദേവസ്വം ബോർഡ് സഹായം നൽകണം. ശബരിമല ക്ഷേത്രമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പ്രധാന വരുമാന സ്രോതസ്സ്. ലോക്ക് ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങൾ അടഞ്ഞു കിടന്നതിനാൽ വരുമാനമില്ലാതായി. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പണം ചെലവഴിച്ചാൽ മതിയെന്നാണ് തീരുമാനം.
ബജറ്റിൽ പ്രഖ്യാപിച്ച 100 കോടിയിൽ ആദ്യ ഗഡുവായി 30 കോടി ദേവസ്വം ബോർഡിന് ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 10 കോടിയും ലഭിച്ചു. ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ 100 കോടി സർക്കാരിനോട് ആവശ്യപ്പെട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു. സമ്പർക്കത്തിലൂടെ കൊവിഡ് പടരുന്നതിനാൽ ബുധനാഴ്ച മുതൽ ജൂൺ 30 വരെ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന പുതിയ തീരുമാനം വരുമാനത്തിന്‍റെ കാര്യത്തിൽ ദേവസ്വം ബോർഡിന് തിരിച്ചടിയാകും.