തിരുവനന്തപുരം: ആര്‍എസ്പിക്ക് സീറ്റ് ഏതൊക്കെ എന്ന് വ്യക്തത വരുത്തുന്നതില്‍ യുഡിഎഫ് നേതാക്കള്‍ വട്ടംകറക്കിയെന്ന് സംസ്ഥാന സെക്രട്ടറി എ എ അസീസ്. പ്രതിപക്ഷ നേതാവിനെ കാണുമ്പോള്‍പറയും ഉമ്മന്‍ചാണ്ടിയെ കാണാന്‍. അവിടെ ചെല്ലുമ്പോള്‍ കെപിസിസി പ്രസിഡന്റിനെ കാണാന്‍ നിര്‍ദേശിക്കും. പിന്നെ കെ സി വേണുഗോപാലിനെയും എം എം ഹസനെയും കാണാന്‍ പറയും. ഒടുവില്‍ അവര്‍ തീരുമാനമാക്കാതെ ഡല്‍ഹിക്ക് പോയി. പിന്നെ നേതാക്കളെ ടെലിഫോണില്‍ വിളിച്ച് കര്‍ശനമായി പറഞ്ഞപ്പോഴാണ് കയ്പമംഗലത്തിനു പകരം മട്ടന്നൂര്‍ തന്നതെന്നും അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇരവിപുരം, കുന്നത്തൂര്‍, ചവറ, ആറ്റിങ്ങല്‍ എന്നിവയ്ക്കു പുറമെ മട്ടന്നൂരിലാണ് ആര്‍എസ്പി മത്സരിക്കുന്നത്. ആറ്റിങ്ങലും കയ്പമംഗലവും മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് സമ്മതിച്ചില്ല. കയ്പമംഗലത്തേക്കാള്‍ എന്ത് വിജയസാധ്യതയാണ് മട്ടന്നൂരില്‍ ഉള്ളതെന്ന ചോദ്യത്തിന്, അല്ലാതെ എന്തുചെയ്യുമെന്നായിരുന്നു മറുപടി. ഇതിനുതന്നെ ഒരുപാട് ബുദ്ധിമുട്ടി. നേമത്ത് ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കേണ്ടതില്ലെന്നും അസീസ് പറഞ്ഞു. അവര്‍ക്ക് അവരുടെ മണ്ഡലം തന്നെയാണ് നല്ലത്. നേമത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മത്സരിക്കുമെന്ന് തോന്നുന്നില്ല. മുതിര്‍ന്ന നേതാക്കളേ അവിടെ മത്സരിക്കാവൂ എന്നില്ലെന്നും അസീസ് പറഞ്ഞു.