അസംഗഢിന്റെ പേര് മാറ്റുമെന്ന് യോഗി ആദിത്യനാഥ്

അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് ആദിത്യനാഥിന്റെ വാദം.

Update: 2021-11-13 17:58 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസംഗഢില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.

അസംഗഢില്‍ ഇന്ന് സര്‍വകലാശാലക്ക് ശിലയിട്ടു. അസംഗഢ് ആര്യംഗഢാക്കി മാറ്റും. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് ആദിത്യനാഥിന്റെ വാദം.

പേരുമാറ്റ നടപടികള്‍കളില്‍ വിലിയ വിമര്‍ശം നടക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. ചരിത്രം വളച്ചൊടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പേരുമാറ്റുന്നതെന്നാണ് പ്രധാന വിമര്‍ശനം.

അടുത്തിടെ യുപിയിലെ ഫൈസാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പേര് അയോധ്യാ കാണ്ഡെന്ന് മാറ്റിയിരുന്നു. ഝാന്‍സി റാണി റെയില്‍വേ സ്‌റ്റേഷന്റെ പേര് റാണി ലക്ഷ്മി ബായിയുടെ പേരിലാക്കിയും ഉത്തരവ് ഇറക്കിയിരുന്നു.

2018ല്‍ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്രാജെന്നും മുഗള്‍സറായ് റെയില്‍വേ സ്‌റ്റേഷന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നും മാറ്റിയിരുന്നു.

യുപിയിലും കേന്ദ്രത്തിലും ബിജെപി അധികാരത്തില്‍ വന്നതോടെ നിരവധി ജില്ലകളുടെ പേര് മാറ്റണമെന്ന് ചില സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അലിഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവന്‍ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം, യോഗിയുടെ പ്രസ്താവനയെ അഖിലേഷ് യാദവ് വിമര്‍ശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ നാലര വര്‍ഷമായി ഒരു പദ്ധതിയും അസംഗഢില്‍ ഉദ്ഘാടനം ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ജനം അദ്ദേഹത്തെ വിശ്വസിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.


Tags:    

Similar News