വയനാട് ഉരുള്‍പൊട്ടല്‍; ഒടുവില്‍ മടക്കവും ഒരുമിച്ച്; സര്‍വമത പ്രാര്‍ത്ഥനയോടെ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കും
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിന്റെ സ്ഥലത്ത് സംസ്‌കരിക്കും. സര്‍വമത പ്രാര്‍ത്ഥനയോടെയാണ് സംസ്‌കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സര്‍വമത പ്രാര്‍ത്ഥനയ്ക്ക് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സ്ഥലം ഹാരിസണ്‍ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഉരുള്‍പ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം, വെള്ളാര്‍മല ഭാഗങ്ങള്‍ക്ക് പുറമേ ചാലിയാറിലും തീരങ്ങളിലും പരിശോധന തുടരുകയാണ്. ഡ്രോണ്‍ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയ്ക്കും സൈന്യത്തിനുമൊപ്പം നാട്ടുകാരും തിരച്ചിലിനുണ്ട്. ചാലിയാറില്‍ നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ദിവസവും 3 മൃതദേഹങ്ങളും 13 ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെ ചാലിയാറില്‍ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 73 ഉം ശരീര ഭാഗങ്ങള്‍ 132 ഉ മായി ഉയര്‍ന്നു. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതുവരെ 198 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 195 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. മൂന്ന് സംഘങ്ങളായാണ് ചാലിയാറിലെ തിരച്ചില്‍ തുടരുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം, മുണ്ടേരി, വാങ്ങിയമ്പുഴ മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.