മുട്ടില്‍ മരംമുറിക്കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി

ആന്റോ,റോജി,ജോസ്‌കുട്ടി എന്നിവരുടെ മുന്‍കൂര്‍ജാമ്യഹരജിയാണ് ഹൈക്കോടതി തള്ളിയത്.

Update: 2021-07-26 05:14 GMT

കൊച്ചി: വയനാട് മുട്ടില്‍ മരം മുറിക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി.ആന്റോ , റോജി , ജോസ്‌കുട്ടി എന്നിവരുടെ മുന്‍കൂര്‍ജാമ്യഹരജിയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ അന്വേഷണം നടന്നുവരികയാണെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാവാതെ പോകുമെന്നും ഇത് അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മാത്രമാണ് മരം മുറിച്ചതെന്നും ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് തങ്ങളെ വേട്ടയാടുകയാണെന്നും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. മരം മുറിക്കന്നതിനായി മതിയായ രേഖകളുണ്ടെന്നും നിയമപരമായ മാര്‍ഗത്തിലൂടെയാണ് മരം മുറിച്ചതെന്നു ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചു.നിയമപരമായ നടപടികള്‍ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വനംവകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു.

സ്വകാര്യ വ്യക്തികളില്‍ നിന്നാണ് തടികള്‍ വാങ്ങിയതെന്നും പ്രതികള്‍ വ്യക്തമാക്കി. റവന്യൂ,വനം വകുപ്പുകള്‍ തമ്മിലുള്ള പോരില്‍ തങ്ങള്‍ ബലിയാടുകള്‍ ആവുകയായിരുന്നെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു. മരംമുറിയുമായി ബന്ധപ്പെട്ട് ആകെയുള്ള 43 കേസുകളില്‍ 37ലും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചവര്‍ പ്രതികളാണെന്നും ഒരു കേസില്‍ വാറന്റുണ്ടെന്നും സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചിരുന്നു. ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷമാണ് മുന്‍ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരിക്കുന്നത്.

Tags:    

Similar News