ആറളം ഫാമിലെ വന്യമൃഗ ആക്രമണം: സാംസ്‌കാരിക ജനാധിപത്യ വേദി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ ഓഫിസ് അറിയിച്ചു. ആറളത്തെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം മനുഷ്യാവകാശ കമ്മിഷനില്‍ നല്‍കിയ പരാതിയിന്മേലും റിപോര്‍ട്ട് ആവശ്യപ്പെട്ട് കമ്മിഷന്‍ അംഗം ബൈജുനാഥ് ഉത്തരവിട്ടു.
തിരുവനന്തപുരം: കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസികളെ കാട്ടാന ചിവിട്ടിക്കൊല്ലുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക ജനാധിപത്യ വേദി സംസ്ഥാന സെക്രട്ടറി പ്രസീത അഴിക്കോട് മുഖ്യമന്ത്രിയ്ക്കും പട്ടികജാതി ജാതിവര്‍ഗ മന്ത്രിയ്ക്കും നിവേദനം നല്‍കി. അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ ഓഫിസ് അറിയിച്ചു. ആറളത്തെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. തിരുവനന്തപുരം മനുഷ്യാവകാശ കമ്മിഷനില്‍ നല്‍കിയ പരാതിയിന്മേലും റിപോര്‍ട്ട് ആവശ്യപ്പെട്ട് കമ്മിഷന്‍ അംഗം ബൈജുനാഥ് ഉത്തരവിട്ടു.
ആദിവാസികളെ അലട്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ ആറളത്തുണ്ടെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇതുവരെ 11 ആദിവാസികളെയാണ് കാട്ടാന കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒന്‍പതാം ബ്ലോക്കില്‍ വളയംചാല്‍ കോളനിയിലെ വാസു(37)വിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ചൊവ്വാഴ്ച രാത്രി അയല്‍വീട്ടില്‍ നിന്ന് തിരികെ വരുന്നതിനിടയിലാണ് കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊന്നത്. ഫാമിലെ ആദിവാസികളുടെ താല്‍ക്കാലിക താമസ ഷഡുകള്‍ നിരന്തരം വന്യമൃഗങ്ങള്‍ തകര്‍ക്കുകയാണ്.
കാട്ടാന ഉള്‍പ്പെടെ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ ശാസ്ത്രീയമായ ഫെന്‍സിങ് ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദിവാസികള്‍ക്ക് സ്വസ്ഥമായി തൊഴിലെടുക്കാനോ റേഷന്‍ വാങ്ങാനോ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അര്‍ദ്ധരാത്രിയുള്ള ആനയുടെ ആക്രമണം രോഗികളായ വൃദ്ധരുടേയും കുഞ്ഞുങ്ങളുടേയും ഉറക്കം കെടുത്തുന്നു. കുട്ടികളുടെ പഠനം ഉള്‍പ്പെടെ തടസ്സപ്പെടുകയാണ്. ആദിവാസികളുടെ ജീവന്‍ അങ്ങേയറ്റം അപകടത്തിലാണ്.
വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ 10ലക്ഷം രൂപയാണ് പലപ്പോഴും പ്രഖ്യാപിക്കുന്നതെങ്കിലും ആദിവാസികള്‍ക്ക് ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപയില്‍ താഴെമാത്രമാണ്. 3500 കുടുംബങ്ങളാണ് ആറളം ഫാമില്‍ താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ആദിവാസികള്‍ ഇവിടം വിട്ടുപോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇതിന് പുറമെ ആറളം ഫാമിലെ ജലസംഭരണി തകര്‍ന്നിട്ട് മാസങ്ങളായി. ഇതുവരെ അത് പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. നീരുറവകളെ ആശ്രയിച്ചാണ് അവരുടെ ദൈനംദിന കാര്യങ്ങള്‍ പോലും നീക്കുന്നത്.
ആദിവാസികള്‍ക്ക്് പുറത്തേക്ക് പോകാന്‍ മതിയായ ഗതാഗത സൗകര്യമില്ലായിട്ട് വര്‍ഷങ്ങളായി. ഫാമിലേക്കുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഏഴ് വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാമില്‍ തൊഴിലില്ലാത്തതിനാല്‍ പുറത്ത് കൂലിപ്പണിക്ക് പോകാന്‍ വാഹനസൗകര്യമില്ലാത്ത അവസ്ഥയാണ്. ഇതിന് പുറമെ നേരത്തെ പ്രളയവും കനത്ത മഴയും മൂലം തകര്‍ന്ന റോഡുകള്‍ ഇതുവരെ പുനര്‍നിര്‍മിച്ചിട്ടില്ല.
അതേസമയം, ഫോറസ്റ്റ് ഓഫിസര്‍മാരുടെ ഓഫിസിലേക്ക് നല്ല റോഡുണ്ട്. ഫാമിലെ നിരവധി കുടുബങ്ങള്‍ക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല, ഫാമിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ല തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് ആറളത്തെ ആദിവാസികള്‍ അനുഭവിക്കുന്നത്. അതുകൊണ്ട് ആറളം ഫാമിലെ ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും നടപടിയും വേണമെന്ന് നിവേദനത്തില്‍ പ്രസീത അഴീക്കോട് ആവശ്യപ്പെട്ടു.