യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈലിനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പിന്‍വലിച്ചു
പ്രതികളായ വിഷ്ണു, ഹിലാല്‍, റിയാസ്, നാദിം എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു സുഹൈല്‍ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും തന്റെ ഭാഗം കൂടി കേള്‍ക്കാതെ നല്‍കിയ ജാമ്യ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സുഹൈല്‍ ഹരജി സമര്‍പ്പിച്ചിരുന്നു
കൊച്ചി: കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പിന്‍വലിച്ചു. പ്രതികളായ വിഷ്ണു, ഹിലാല്‍, റിയാസ്, നാദിം എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മേയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് തിരിച്ചുവിളിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു സുഹൈല്‍ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നും തന്റെ ഭാഗം കൂടി കേള്‍ക്കാതെ നല്‍കിയ ജാമ്യ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സുഹൈല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി കോടതിയുടെ പരിഗണനയിലുള്ള ഫയലിലേക്ക് എത്തിയില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നു ജാമ്യ ഉത്തരവുപിന്‍വലിക്കുകയാണെന്നു കോടതി വ്യക്തമാക്കി.
തന്നെ കേള്‍ക്കാതെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചതെന്ന് സുഹൈലിന്റെ അഭിഭാഷകന്‍ അഡ്വ എം ജി ശ്രീജിത്ത് കോടതിയില്‍ ബോധിപ്പിച്ചു. കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടും തന്റെ വാദം കേട്ടില്ലെന്നും അന്വേഷണം നടക്കുന്നതിനാല്‍ പ്രതികള്‍ ജാമ്യത്തിന് അര്‍ഹരല്ലെന്നും ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും സുഹൈല്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞയാഴ്ച ഹരജി പരിഗണിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് നല്‍കി ഉത്തരവിട്ടിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമാണ് മുന്‍ ഉത്തരവ് തിരിച്ചു വിളിച്ചത്. ജാമ്യാപേക്ഷയില്‍ അന്തിമ വിധിയാണ് പുറപ്പെടുവിച്ചതെന്നും ഇനി ഉത്തരവ് തിരിച്ചുവിളിക്കാന്‍ ക്രിമിനല്‍ നടപടി നിയമം അനുവദിക്കുന്നില്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചുവെങ്കിലും വാദം കോടതി അംഗീകരിച്ചില്ല. ഏതെങ്കിലും കക്ഷികളുടെ ഭാഗം കേള്‍ക്കാതെ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ വിളിച്ചുവരുത്തി പിന്‍വലിക്കാനാവുമെന്നു വ്യക്തമാക്കിയാണ് കോടതി ജാമ്യ ഉത്തരവ് പിന്‍വലിച്ചത്.കേസ് ജൂണ്‍ ഒന്നിനു വീണ്ടും പരിഗണിക്കും.