നൂറു കണക്കിനു പേര്‍ ലോക്ക് ഡൗണില്‍ കുടുങ്ങിയ സംഭവത്തില്‍ തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാരിന് പോലിസിന്റെ കത്ത്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി നിസാമുദ്ദീനില്‍ നൂറു കണക്കിനു പേര്‍ കുടുങ്ങിയ സംഭവത്തില്‍ തബ് ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി പോലിസ് കെജ്രിവാള്‍ സര്‍ക്കാരിന് കത്തെഴുതി. സമൂഹിക അകല നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ വിവിധ മോസ്‌കുകളിലേക്ക് മാറിത്താമസിക്കുന്ന 157 വിദേശികള്‍ക്കെതിരേയും കേസെടുക്കാന്‍ ഡല്‍ഹി പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തബ് ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരേ 1897 പകര്‍ച്ചവ്യാധി നിയമമനുസരിച്ച് കേസെടുത്തിട്ടുണ്ടെന്ന് ഡല്‍ഹി പോലിസ് ചീഫ് എസ് എന്‍ ശ്രീവാസ്ത പറഞ്ഞു. തബ് ലീഗ് ജമാഅത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്നതനെ കുറിച്ച് തങ്ങള്‍ക്ക് ധാരണയില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്രേ്യന്ദ്ര ജെയ്‌നും പറഞ്ഞു.
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവില്‍ തിരിച്ചുപോകാന്‍ സാധിക്കാതെ നൂറു കണക്കിനു പേരാണ് തബ് ലീഗ് ജമാഅത്തില്‍ കുടുങ്ങിയത്. പിന്നീട് ഘട്ടം ഘട്ടമായി ആദ്യം ഡല്‍ഹി സര്‍ക്കാരും പിന്നീട് കേന്ദ്രവും ലോക്ക് ഡൗണ്‍ നീട്ടിയതോടെ ഇവര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. തങ്ങളെ തിരിച്ചുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പോലിസിനെ സമീപിച്ചെങ്കിലും അവരെ സാമൂഹിക അകല നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാരോ പോലിസോ കേന്ദ്ര സര്‍ക്കാരോ തയ്യാറായില്ല.
ജനത കര്‍ഫ്യൂവിനെ തുടര്‍ന്ന് തങ്ങളുടെ ഡല്‍ഹി ആസ്ഥാനത്ത് കുടുങ്ങിയ സന്ദര്‍ശകരുടെയും പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ യഥാസമയം അധികാരികളെ അറിയിച്ചതിന്റെയും അവരെ സുരക്ഷിതമായി എത്തിക്കാന്‍ സഹായം തേടിയതിന്റെയും രേഖകളും തെളിവുകളുമായി തബ് ലീഗ് ജമാഅത്ത് നേതാക്കള്‍ രംഗത്തുവന്നെങ്കിലും മാധ്യമങ്ങള്‍ വ്യാപകമായി ഇവര്‍ക്കെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു.