കൊവിഡ് 19: തന്റെ മൂന്നിന സാമ്പത്തിക പരിപാടിക്ക് പിന്തുണ തേടി സംസ്ഥാനങ്ങള്‍ക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ കത്ത്
ചണ്ഡീഗഡ്: കൊവിഡ് കാലത്ത് സംസ്ഥാന സമ്പദ്ഘടനയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനുള്ള നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ പഞ്ചാബ് മുഖ്യമന്ത്രി, രാജ്യത്തെ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരില്‍ നിന്ന് പിന്തുണ തേടി. പ്രധാനമന്ത്രിയോട് ഉന്നയിച്ച അതേ കാര്യങ്ങളാണ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കു മുന്നിലും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആലോചനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളത്.
കൊവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിനുളള മൂന്നു നിര്‍ദേങ്ങളാണ് പ്രധാനമന്ത്രിയ്ക്കു മുന്നില്‍ അമരീന്ദര്‍ സിങ് വച്ചത്. ഇതേ ആവശ്യങ്ങള്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളും മുന്നോട്ടു വയ്ക്കണമെന്നാണ് ആവശ്യം.
കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളും ഒരേ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാ അര്‍ത്ഥത്തിലുമുള്ള നികുതി വരുമാനം നിലച്ചുകഴിഞ്ഞു. എന്നാല്‍ സാമൂഹ്യസുരക്ഷാ ചെലവുകള്‍ വര്‍ധിച്ചു. പ്രത്യേകിച്ച് കൊവിഡ് പ്രതിരോധത്തിനടക്കമുള്ള ആരോഗ്യച്ചെലവുകള്‍. ഇതില്‍ നിന്ന് സംസ്ഥാന സമ്പദ്ഘടനകളെ രക്ഷപ്പെടുത്തേണ്ടതുണ്ട്. ഇതിനുള്ള മൂന്നിന ആവശ്യങ്ങളാണ് പഞ്ചാബ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഒന്നാമതായി ആദ്യ മൂന്നു മാസം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പത്യേക റവന്യൂ ഗ്രാന്റ് അനുവദിക്കണം. ഈ പണം പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് വിനിയോഗിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണം.
ധനകാര്യകമ്മീഷന്‍ ശുപാര്‍ശകള്‍ പുനപ്പരിശോധിക്കണം. കാരണം കൊവിഡ് 19നു ശേഷം സ്ഥിഗതികളില്‍ വലിയ തോതില്‍ മാറ്റം വന്നിട്ടുണ്ട്. ധനകാര്യകമ്മീഷന്റെ പൂര്‍ണ റിപോര്‍ട്ട് പുറത്തുവിടുന്നത് ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കാനും മാറിയ സാഹചര്യത്തില്‍ ഇനി വരുന്ന ഒരു വര്‍ഷത്തെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ റിപോര്‍ട്ട് പുറത്തുവിടണമെന്നുമാണ് രണ്ടാമത്തെ ആവശ്യം. അതുവഴി സംസ്ഥാനങ്ങളുടെ മാറിയ ആവശ്യങ്ങള്‍ പരിഗണനയിലുള്‍പ്പെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ധനകാര്യ കമ്മീഷന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള റിപോര്‍ട്ട് 2020 ല്‍ ആരംഭിക്കുന്നതിനു പകരം 2021 ഏപ്രില്‍ 1ന് തുടങ്ങണമെന്നാണ് മൂന്നാമത്തെ ആവശ്യം.