ഇന്ത്യന്‍ ജെഴ്‌സിയില്‍ തിളങ്ങാന്‍ ഒരുങ്ങി അലി പാദാര്‍

ഹൈദരാബാദില്‍ നടന്ന ആറു ദിവസത്തെ പരിശീലന ക്യാംപിലെ മികച്ച പ്രകടത്തിലൂടെ താരത്തിന് ഭിന്നശേഷിക്കാര്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചിരിക്കുകയാണ്

Update: 2021-08-22 15:12 GMT

കാസര്‍കോട്: കഠിനപ്രയത്‌നത്തിലൂടെയും അര്‍പ്പണബോധത്തോടെയും ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്നവര്‍ക്ക് ശാരീരിക പരിമിതികള്‍ തടസ്സമല്ലെന്ന് തെളിയിച്ചു തന്ന അലി പാദാറിന് വീണ്ടും അംഗീകാരം.

ഹൈദരാബാദില്‍ നടന്ന ആറു ദിവസത്തെ പരിശീലന ക്യാംപിലെ മികച്ച പ്രകടത്തിലൂടെ താരത്തിന് ഭിന്നശേഷിക്കാര്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കുള്ള കേരള ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി കളിച്ച ക്രിക്കറ്റ് താരം കൂടിയാണ് അലി. കാസര്‍കോട് ജില്ലാ ഡിവിഷന്‍ ക്രിക്കറ്റ് ബാച്ചിലേഴ്‌സ് മൊഗ്രാല്‍പുത്തൂറിന്റെ ക്യാപ്റ്റനും നിരവധി ടൂര്‍ണമെന്റുകളില്‍ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ശ്രദ്ധേയനായ യുവ താരവുമാണ് അലി പാദാര്‍.

ഓള്‍റൗണ്ടറായി തിളങ്ങി ഡിവിഷന്‍, ജില്ലാ, സംസ്ഥാന തലങ്ങളില്‍ അത്യുജ്വല പ്രകടനമാണ് അലി നടത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം നടന്ന ഭിന്നശേഷി രഞ്ജി മത്സരങ്ങളിലും ട്വന്റി20 മത്സരത്തിലും കാഴ്ചവെച്ച മികച്ച പ്രകടനങ്ങളാണ് ദേശീയ തലത്തിലേക്ക് ഇടം നല്‍കിയത്. ജയ്പുരില്‍ നടന്ന മൂന്ന് ട്വന്റി20 മത്സരങ്ങളില്‍ രാജസ്ഥാനെതിരേയും ഹരിയാനക്കെതിരേയും അര്‍ധ സെഞ്ച്വറിയും മറ്റൊരു മത്സരത്തില്‍ 46 റണ്‍സും നേടിയിരുന്നു അലി. ഈ മിന്നും പ്രകടങ്ങളെല്ലാം ഒരു കൈ മാത്രമുപയോഗിച്ചാണ് നടത്തിയതെന്നാണ് ഇദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്.

സെപ്റ്റംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് 2020യില്‍ അലി പാദാര്‍ ഇന്ത്യന്‍ ജെഴ്‌സി അണിയുന്നതും കത്തിരിക്കുകയാണ് കാസറഗോഡിലെ ക്രിക്കറ്റ് പ്രേമികള്‍.

Tags:    

Similar News