ബഗ്ദാദിലെ കൊവിഡ് ആശുപത്രിയിലെ തീപ്പിടിത്തം; മരണം 23 ആയി

Update: 2021-04-25 03:32 GMT

ബഗ്ദാദ്: ഇറാഖിലെ ബഗ്ദാദില്‍ കൊവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 23 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയിലാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപ്പിടിത്തമുണ്ടായത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇബ്‌നുല്‍ ഖത്തീബ് ആശുപത്രിയില്‍ നടന്ന സ്‌ഫോടനത്തില്‍ എത്രപേര്‍ക്ക് പരിക്കേറ്റെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്യുന്നു.

30 കൊവിഡ് രോഗികളാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നത്. രോഗികളുടെ ബെഡിനരികില്‍ നിരവധി ബന്ധുക്കളുമുണ്ടായിരുന്നു. ഒന്നിലധികം നിലകളില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പെട്ടിത്തെറിയുണ്ടായെന്ന് വ്യക്തമായത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. തീപ്പിടിത്തത്തില്‍ 23 പേര്‍ മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെഡിക്കല്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

സംഭവസ്ഥലത്തുനിന്ന 120 രോഗികളില്‍ 90 പേരെയും അവരുടെ ബന്ധുക്കളെയും രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ഇറാഖ് സ്റ്റേറ്റ് വാര്‍ത്തയോട് പ്രതികരിച്ചു. എന്നാല്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല. തെക്ക് കിഴക്കന്‍ ബഗ്ദാദിലെ ആശുപത്രിയിലേക്ക് ഇറാഖിലെമ്പാടുനിന്നുമുള്ള ആളുകളെ റഫര്‍ ചെയ്യുന്നുണ്ട്. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം ആശുപത്രി അധികൃതരുടെ അശ്രദ്ധമൂലമാണെന്ന് സമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ബഗ്ദാദ് ഗവര്‍ണര്‍ മുഹമ്മദ് ജാബേര്‍ സംഭവത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കാന്‍ ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൃത്യമായ ഡ്യൂട്ടി നിര്‍വഹിക്കാത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി ഹസ്സന്‍ അല്‍ തമീമിയെ പുറത്താക്കണമെന്നും അദ്ദേഹത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മനുഷ്യാവകാശ കമ്മീഷന്‍ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദേമിയോട് ആവശ്യപ്പെട്ടു.

Tags:    

Similar News