തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ താലിബാന്‍ മോചിപ്പിച്ചു

11 താലിബാന്‍ പോരാളികളെ മോചിപ്പിച്ചതിന് പകരമായാണ് മൂന്ന് എന്‍ജിനീയര്‍മാരെ വിട്ടയച്ചത്. ഞായറാഴ്ചയാണ് ഇവരെ വിട്ടയച്ചതെന്നും മോചിതരായ എന്‍ജിനിയര്‍മാരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-10-07 14:49 GMT

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാഗ്‌ലാന്‍ പ്രവിശ്യയില്‍ താലിബാന്‍ പോരാളികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ മോചിപ്പിച്ചു. 11 താലിബാന്‍ പോരാളികളെ മോചിപ്പിച്ചതിന് പകരമായാണ് മൂന്ന് എന്‍ജിനീയര്‍മാരെ വിട്ടയച്ചത്. ഞായറാഴ്ചയാണ് ഇവരെ വിട്ടയച്ചതെന്നും മോചിതരായ എന്‍ജിനിയര്‍മാരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാന്‍ അധികൃതരുടെയോ യുഎസ് സൈന്യത്തിന്റെയോ കസ്റ്റഡിയിലുണ്ടായിരുന്ന പോരാളികളെയാണ് വിട്ടയച്ചത്. താലിബാന്റെ കുനാര്‍ പ്രവിശ്യാ മുന്‍ ഗവര്‍ണര്‍ ഷെയ്ഖ് അബ്ദുല്‍ റഹിം, നിംറോസ് പ്രവിശ്യാ മുന്‍ ഗവര്‍ണര്‍ മൗലവി അബ്ദുല്‍ റഷീദ് ബാലോഖ് എന്നിവരും വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. വിട്ടയച്ചവരെ സ്വീകരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും താലിബാന്‍ പുറത്തുവിട്ടിട്ടുണ്ട്.


 എന്നാല്‍, ഇക്കാര്യം അഫ്ഗാന്‍ അധികൃതരോ ഇന്ത്യന്‍ സര്‍ക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, അമേരിക്കയും താലിബാന്‍ പോരാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് മോചനമെന്നും റിപോര്‍ട്ടുകളുണ്ട്.

അഫ്ഗാനിലെ വടക്കന്‍ ബാഗ്‌ലാന്‍ പ്രവിശ്യയില്‍ ബാഗി ഷമാല്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ഊര്‍ജ ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായിരുന്ന ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെയാണ് 2018 മെയില്‍ താലിബാന്‍ പോരാളികള്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിരുന്നില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ മാര്‍ച്ചില്‍ മോചിപ്പിച്ചിരുന്നു. ശേഷിക്കുന്ന മൂന്നുപേരെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് റിപോര്‍ട്ട്.

Tags:    

Similar News