അഫ്ഗാനില്‍ കാര്‍ ബോംബ് ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു
ഗസ്‌നിയുടെ തലസ്ഥാനത്ത് ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റ് കോംപൗണ്ടിന് സമീപത്താണ് സ്‌പോടനം നടന്നതെന്ന് പ്രവിശ്യാ കൗണ്‍സില്‍ അംഗം ഹസന്‍ റാസ യൂസഫി പറഞ്ഞു. കൊല്ലപ്പെട്ടരില്‍ എട്ടുപേര്‍ സുരക്ഷാ ജീവനക്കാരാണ്.
കാബൂള്‍: മധ്യ അഫ്ഗാനിസ്താനിലെ ഗസ്‌നി പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ കാര്‍ ബോംബ് ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 150ലേറെ പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട ചര്‍ച്ച നടക്കുന്നതിനിടയിലാണ് സ്‌ഫോടനം. ഗസ്‌നിയുടെ തലസ്ഥാനത്ത് ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റ് കോംപൗണ്ടിന് സമീപത്താണ് സ്‌പോടനം നടന്നതെന്ന് പ്രവിശ്യാ കൗണ്‍സില്‍ അംഗം ഹസന്‍ റാസ യൂസഫി പറഞ്ഞു. കൊല്ലപ്പെട്ടരില്‍ എട്ടുപേര്‍ സുരക്ഷാ ജീവനക്കാരാണ്.
പരിക്കേറ്റവരില്‍ പലരും തൊട്ടടുത്ത സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് പ്രവിശ്യാ ആരോഗ്യവകുപ്പ് മേധാവി സാഹിര്‍ ഷാ നെക്മല്‍ പറഞ്ഞു. ഗ്ലാസ് പൊട്ടിത്തെറിച്ചുള്ള പരിക്കാണ് ഭൂരിഭാഗത്തിനും. താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഗസ്‌നിയിലെ ഇന്റലിജന്‍സ് കോംപൗണ്ട് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.