ആസ്‌ത്രേലിയയില്‍ കൊവിഡ് ഡെല്‍റ്റ വ്യാപനം രൂക്ഷം; ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി ബ്രിസ്‌ബെയ്ന്‍, സിഡ്‌നിയില്‍ സൈന്യത്തിന്റെ പട്രോളിങ്
കാന്‍ബറ: ആസ്‌ത്രേലിയയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ വൈറസിന്റെ വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടിപ്പിക്കുന്നു. ആസ്‌ത്രേലിയയിലെ ക്വീന്‍സ്‌ലാന്റ് സ്റ്റേറ്റ് തിങ്കളാഴ്ച ബ്രിസ്‌ബെയ്‌നില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. അതേസമയം, ഡെല്‍റ്റ വ്യാപനം നിയന്ത്രിക്കുന്നതിനായി സിഡ്‌നിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ജനങ്ങളോട് വീട്ടില്‍തന്നെ തുടരാനായിരുന്നു അധികൃതരുടെ നിര്‍ദേശം. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഇവിടെ സൈന്യത്തിന്റെ പട്രോളിങ് ഏര്‍പ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പുതിയ കൊവിഡ് കേസുകള്‍ കണ്ടെത്തിയതായി ക്വീന്‍സ്‌ലാന്‍ഡ് അധികൃതര്‍ പറഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ആസ്‌ത്രേലിയയിലെ മൂന്നാമത്തെ വലിയ നഗരമായ ബ്രിസ്‌ബെയ്‌നിലെ ലോക്ക് ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച വൈകീട്ടുവരെ നീട്ടിയത്. ആദ്യം ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന് വ്യക്തമായതിനാലാണ് പുതിയ തീരുമാനമെന്ന് ക്വീന്‍സ്‌ലാന്‍ഡ് സ്റ്റേറ്റ് ഡെപ്യൂട്ടി പ്രീമിയര്‍ സ്റ്റീവന്‍ മൈല്‍സ് ബ്രിസ്‌ബെയ്‌നില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് രാജ്യത്തെ രണ്ട് വലിയ നഗരങ്ങളിലെ പുതിയ കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്. സിഡ്‌നിയില്‍ 90 വയസ്സുള്ള ഒരാള്‍കൂടി മരിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ 925 ആയി ഉയര്‍ന്നു. ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ ആസ്‌ത്രേലിയ പല നഗരങ്ങളിലും കര്‍ശന ലോക്ക് ഡൗണുകളാണ് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ണതയിലെത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.