ചൈനയില്‍ കൊറോണയ്ക്ക് ശമനമില്ല; മരണസംഖ്യ 908 ആയി, 40,171 പേര്‍ക്ക് വൈറസ് ബാധ

ചൈനയിലെ ദേശീയ ആരോഗ്യകമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം പുതുതായി 3,062 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഞായറാഴ്ച മാത്രം 97 കൊറോണ മരണം റിപോര്‍ട്ട് ചെയ്തു. ഹുബെ പ്രവിശ്യയിലാണ് ഏറ്റവുമധികം മരണം റിപോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു.

Update: 2020-02-10 05:59 GMT

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി തുടരുന്നു. വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി ഉയര്‍ന്നു. 40,171 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ ദേശീയ ആരോഗ്യകമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം പുതുതായി 3,062 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഞായറാഴ്ച മാത്രം 97 കൊറോണ മരണം റിപോര്‍ട്ട് ചെയ്തു. ഹുബെ പ്രവിശ്യയിലാണ് ഏറ്റവുമധികം മരണം റിപോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു.

91 മരണങ്ങളാണ് ഇവിടെയുണ്ടായത്. ഈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അന്‍ഹുയിയില്‍ രണ്ടും ഹീലോങ്ജിയാങ്, ജിയാങ്‌സി, ഹൈനാന്‍, ഗാന്‍സു എന്നിവിടങ്ങളില്‍ ഓരോ കേസും റിപോര്‍ട്ട് ചെയ്തു. ഇതിന് പുറമെ കൊറോണ സംശയത്തിന്റെ പേരില്‍ 4,008 പേര്‍ നിരീക്ഷണത്തിലാണ്. 296 രോഗികളുടെ നില ഗുരുതരമാണ്. 6,484 രോഗികളുടെ അവസ്ഥയും മോശമാണ്. 23,589 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു.

നിരീക്ഷണത്തിലായ 3,281 പേര്‍ സുഖം പ്രാപിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ചൈന വന്‍കരയ്ക്കു പുറത്ത് രണ്ടുമരണങ്ങള്‍ മാത്രമേ ഇതിനകം റിപോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലും ഓരോരുത്തര്‍ വീതം. ശനിയാഴ്ച ഒരു അമേരിക്കന്‍ വനിതയും ജപ്പാന്‍കാരനും കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചിരുന്നു. മരണസംഖ്യയുടെ കാര്യത്തില്‍ 2002 ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സിനെ കൊറോണ പിന്നിലാക്കിയിരുന്നു.

രണ്ടുദശകം മുമ്പ് പൊട്ടിപ്പുറപ്പെട്ട സാര്‍സ് രോഗം 744 പേരുടെ ജീവനാണ് അപഹരിച്ചത്. മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സംഘം ചൈനയിലേക്ക് തിരിച്ചു. ലോകാരോഗ്യസംഘടനയുടെ തലവനാണ് ഇക്കാര്യം അറിയിച്ചത്. 

Tags:    

Similar News