വിസ തട്ടിപ്പ്: യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍
600ലധികം വിദേശികളെ അനധികൃതമായി രാജ്യത്തു തങ്ങാന്‍ സഹായിച്ചതിനാണു ഇന്ത്യക്കാര്‍ അറസ്റ്റിലായത്
വാഷിങ്ടണ്‍: എട്ട് ഇന്ത്യക്കാര്‍ വിസ തട്ടിപ്പു കേസില്‍ യുഎസില്‍ അറസ്റ്റില്‍. 600ലധികം വിദേശികളെ അനധികൃതമായി രാജ്യത്തു തങ്ങാന്‍ സഹായിച്ചതിനാണു ഇന്ത്യക്കാര്‍ അറസ്റ്റിലായത്. ഫ്‌ളോറിഡയില്‍ നിന്നും ഭരത് കാകിറെഡ്ഡി, അറ്റ്‌ലാന്റയില്‍ നിന്നും അശ്വന്ത് നുണെ, വിര്‍ജീനിയയില്‍ നിന്നും സുരേഷ് റെഡ്ഡി കണ്ടാല, കെന്റുകിയില്‍ നിന്നും ഫനിദീപ് കര്‍ണാട്ടി, നോര്‍ത്ത് കരോലിനയില്‍ ന്ിന്നും പ്രേം കുമാര്‍ റാംപീസ, കാലിഫോര്‍ണിയയില്‍ നിന്നും സന്തോഷ് റെഡ്ഡി സമ, പെന്‍സില്‍ വാനിയയില്‍ നിന്നും അവിനാഷ് തക്കലപ്പള്ളി, ഡള്ളാസില്‍ നിന്നും നവീന്‍ പാര്‍ഥിപതി എന്നിവരാണ് പിടിയിലായത്. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍. കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ രാത്രിയില്‍ നടത്തിയ റെയിഡിലാണ് പ്രതികള്‍ പിടിയിലായത്. യുനിവേഴ്‌സിറ്റി ഓഫ് ഫാമിങ്ടണ്‍ എന്ന പേരില്‍ ഡിട്രോയിറ്റിലുള്ള വ്യാജ സര്‍വകലാശാലയുടെ പേരിലാണ് വിദ്യാര്‍ഥികളെന്ന നിലയില്‍ ഇവര്‍ വിദേശികളെ രാജ്യത്തു താമസിപ്പിച്ചിരുന്നത്. ഈ കോളജിലേക്ക് പ്രവേശനം നേടിയ നിരവധി പേരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇത്തരത്തില്‍ തട്ടിപ്പുകാര്‍ മുഖേനെ അനധികൃത രേഖകള്‍ സംഘടിപ്പിച്ചു രാജ്യത്തു താമസിച്ചിരുന്ന നൂറുകണക്കിനാളുകളെ നാടുകടത്തിയേക്കും. ഇവരിലും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്.