ബ്രക്‌സിറ്റ് കാലാവധി ജനുവരി 31 വരെ നീട്ടി നല്‍കി യൂറോപ്യന്‍ യൂനിയന്‍

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, മൂന്നുമാസത്തേക്കുകൂടി കാലാവധി നീട്ടുന്ന കാര്യം യൂറോപ്യന്‍ യൂനിയന്‍ പരിഗണിക്കണമെന്നു ഡോണാള്‍ഡ് ടസ്‌ക് നിര്‍ദേശിച്ചതിനു പിന്നാലെ ഇതിനെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു.

Update: 2019-10-28 12:24 GMT

ലണ്ടന്‍: ബ്രക്‌സിറ്റ് കാലാവധി നീട്ടിനല്‍കണമെന്ന ബ്രിട്ടന്റെ ആവശ്യം അംഗീകരിച്ചു. 2020 ജനുവരി 31 വരെയാണ് യൂറോപ്യന്‍ യൂനിയന്‍ സമയപരിധി നീട്ടിനല്‍കിയത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്‌ക് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, മൂന്നുമാസത്തേക്കുകൂടി കാലാവധി നീട്ടുന്ന കാര്യം യൂറോപ്യന്‍ യൂനിയന്‍ പരിഗണിക്കണമെന്നു ഡോണാള്‍ഡ് ടസ്‌ക് നിര്‍ദേശിച്ചതിനു പിന്നാലെ ഇതിനെ എതിര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയിരുന്നു. ജനുവരി അവസാനംവരെ കാലാവധി നീട്ടിത്തരാന്‍ യൂറോപ്യന്‍ കൗണ്‍സില്‍ തീരുമാനിച്ചാല്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നു താന്‍ നിര്‍ദേശിക്കുമെന്നായിരുന്നു അന്ന് ജോണ്‍സന്‍ പറഞ്ഞിരുന്നത്.

എന്നാല്‍, നിലവില്‍ ജനുവരി 31 വരെ കാലാവധി നീട്ടിനല്‍കാനുള്ള തീരുമാനത്തോട് ജോണ്‍സണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലെ കരാര്‍പ്രകാരം ഒക്ടോബര്‍ 31നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടേണ്ടത്. എന്നാല്‍, 31ന് പിരിയുന്നത് ഈ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ സാജിദ് ജാവേദ് യൂനിയനെ അറിയിച്ചിരുന്നു. യൂനിയന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ബോറിസ് ജോണ്‍സണും വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടാലും അതിന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിയുടെ സഹകരണം ആവശ്യമാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ലേബര്‍ നേതാവ് ജെറമി കോര്‍ബിനുമായി ഒക്ടോബര്‍ 22ന് ജോണ്‍സന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. 

Tags:    

Similar News