ഹോങ്കോങില്‍ ജനകീയ പ്രക്ഷോഭത്തിന്ന് വിജയം
നിയമെത്തിനെതിരേയുണ്ടായ പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കരണത്തിനുള്ള സമരമായി വികസിക്കുന്നതിനിടെയാണ് ഹോങ്കോങ് അധികൃതരുടെ നീക്കം
ഹോങ്കോങ്: കുറ്റവാളികളെ വിചാരണയ്ക്കു ചൈനയ്ക്ക് കൈമാറുന്ന നിയമവുമായി ബന്ധപ്പെട്ട് ആഴ്ചകളായി ഹോങ്കോങില്‍ തുടരുന്ന ജനകീയ പ്രക്ഷോഭത്തിനു വിജയം. നിയമം നടപ്പാക്കില്ലെന്നു ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം അറിയിച്ചു. നിയമെത്തിനെതിരേയുണ്ടായ പ്രക്ഷോഭം ജനാധിപത്യ പരിഷ്‌കരണത്തിനുള്ള സമരമായി വികസിക്കുന്നതിനിടെയാണ് ഹോങ്കോങ് അധികൃതരുടെ നീക്കം. കഴിഞ്ഞ ദിവസം പത്തുലക്ഷത്തിലധികം പേരാണ് നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അണിനിരന്നത്. കുറ്റവാളികളെ വിട്ടുനല്‍കാന്‍ നിര്‍ദേശിക്കുന്ന ബില്‍ പിന്‍വലിക്കില്ലെന്നും നിയമനിര്‍മാണവുമായി മുന്നോട്ടു പോവുമെന്നും ആദ്യം കാരി ലാം പറഞ്ഞിരുന്നു. എന്നാല്‍ പതിനായിരക്കണക്കിന് പ്രക്ഷോഭകാരികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഹോങ് കോങ് ചൈനയുടെ ഭാഗമല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. ബില്‍ പൂര്‍ണമായും പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കാരി ലാം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി സേനയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി പ്രക്ഷോഭകര്‍ അറസ്റ്റിലായിരുന്നു. മോങ്‌കോക് ജില്ലയില്‍ മുഖംമൂടി ധരിച്ച് അര്‍ധരാത്രി റോഡിലൂടെ നടക്കുകയായിരുന്ന യുവാക്കളുമായാണ് സംഘര്‍ഷമുണ്ടായത്. പോലിസ് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതും അറസ്റ്റ് ചെയ്തതും. ഇത് ജനകീയ പ്രക്ഷോഭത്തിന്ന് ഇടയാക്കിയതോടെ ഹോങ്കോങ് അധികൃത നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു.