ചെങ്കടലില്‍ ഇന്റര്‍നെറ്റ് കേബിളുകള്‍ ഹൂത്തികള്‍ ലക്ഷ്യമിടുന്നു; മുന്നറിയിപ്പിന് പിന്നാലെ കേബിളുകള്‍ മുറിച്ചുമാറ്റി
സനാ: ചെങ്കടലില്‍ കടലിനടിയിലെ കേബിളുകള്‍ മുറിച്ചുമാറ്റപ്പെട്ടുവെന്നും ഇത് ആഗോള ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിന് സാരമായ തകരാറുകള്‍ സൃഷ്ടിക്കുമെന്നും ഹോങ് കോങ് ടെലികോംസ് കമ്പനി എച്ച്.ജി.സി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ്. കടലിനടിയിലെ നാല് കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവയ്ക്കിടയിലെ നാലിലൊന്ന് ട്രാഫിക്കുകളെയും ബാധിച്ചുവെന്ന് കമ്പനി അറിയിക്കുന്നു.
ആഘാതം കുറക്കുന്നതിനായി ട്രാഫിക് റി-റൂട്ട് ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു. ആരാണ് കേബിളുകള്‍ മുറിച്ചുമാറ്റിയതിന് പിന്നിലെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കേബിളുകളെ ഹൂത്തികള്‍ ലക്ഷ്യമിടുമെന്ന് യെമനി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹൂത്തികള്‍ ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ച കേബിളുകള്‍ അടങ്ങിയ ഒരു മാപ്പിന്റെ ചിത്രവും യെമനി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഹൂത്തികളാണ് കേബിളുകള്‍ തകര്‍ത്തതിന് പിന്നിലെന്ന് ഇസ്രഈല്‍ വാര്‍ത്താ മാധ്യമമായ ഗ്ലോബ്‌സ് ആരോപിച്ചു. അതേസമയം ഹൂത്തികളുടെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ആരോപണങ്ങള്‍ നിഷേധിച്ചു. പ്രദേശത്തെ രാജ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സി കേബിളുകള്‍ ലക്ഷ്യമിടാന്‍ തങ്ങള്‍ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബ്രിട്ടീഷ്, യു.എസ് സൈനികരെയാണ് കേബിളില്‍ ഉണ്ടായ നാശനഷ്ടത്തില്‍ യെമനി സര്‍ക്കാര്‍ ആരോപിക്കുന്നത്. ഇരു രാജ്യങ്ങളും കേബിളുകള്‍ ശരിയാക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ അതീവ താത്പര്യം കാണിച്ചുവെന്ന് യെമന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ചെങ്കടലിലെ കടലിനടിയിലുള്ള കേബിള്‍ നെറ്റ്വര്‍ക്ക് പ്രദേശത്തെ ഡാറ്റയും ആശയവിനിമയ ട്രാഫിക്കും ലഭിക്കുന്നതിന് പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളെ സഹായിക്കുന്നുണ്ട്.