'ഞാന്‍ കൊവിഡ് പ്രതിരോധശേഷി നേടി'; പ്രഖ്യാപനവുമായി ട്രംപ്
'എനിക്ക് രോഗപ്രതിരോധ ശേഷി ലഭിച്ചുവെന്നാണ് തോന്നുന്നത്. ഒരു പക്ഷേ അത് കുറച്ചുകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ, അതുമല്ലെങ്കില്‍ മുഴുവന്‍ ജീവിതകാലത്തേക്കോ ആയേക്കാം. ആര്‍ക്കും അതേപ്പറ്റി കൃത്യമായി അറിയില്ല. പക്ഷേ, എനിക്ക് രോഗപ്രതിരോധ ശേഷിയുണ്ട്.
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധശേഷി നേടിയെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളി ജോ ബൈഡനുമായുള്ള പോരാട്ടം പുനരാരംഭിക്കാന്‍ ഒരുങ്ങവെയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്. 'എനിക്ക് രോഗപ്രതിരോധ ശേഷി ലഭിച്ചുവെന്നാണ് തോന്നുന്നത്. ഒരു പക്ഷേ അത് കുറച്ചുകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ, അതുമല്ലെങ്കില്‍ മുഴുവന്‍ ജീവിതകാലത്തേക്കോ ആയേക്കാം. ആര്‍ക്കും അതേപ്പറ്റി കൃത്യമായി അറിയില്ല. പക്ഷേ, എനിക്ക് രോഗപ്രതിരോധ ശേഷിയുണ്ട്.
നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷിയുള്ള ഒരു പ്രസിഡന്റുണ്ട്. എതിരാളിയെപ്പോലെ അടിത്തറയില്‍ ഒളിക്കേണ്ട കാര്യം ആ പ്രസിഡന്റിനില്ല'- ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് അവകാശപ്പെട്ടു. ട്രംപില്‍നിന്ന് കൊവിഡ് പകരാന്‍ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവകാശവാദം. ഫോക്‌സ് ന്യൂസിലെ അഭിമുഖത്തിനിടെ ട്രംപ് തന്റെ എതിരാളിയായ ബൈഡനെ വെല്ലുവിളിക്കുകയും ചെയ്തു. എതിരാളിക്ക് വേണമെങ്കില്‍ സ്വയം രോഗിയാവാമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഒക്ടോബര്‍ ഒന്നിന് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ മുതല്‍ ബൈഡന്‍ ദിവസേന വൈറസ് പരിശോധനകള്‍ക്ക് വിധേയനാവുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഒരുതവണ കൊവിഡ് ബാധിച്ചയാള്‍ക്ക് വീണ്ടും ബാധിക്കാതിരിക്കാന്‍ തക്കവണ്ണമുള്ള പ്രതിരോധശേഷി ലഭിക്കുമോ എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല. വളരെ കുറച്ചുകാലം പ്രതിരോധശേഷി നിലനില്‍ക്കുമെന്ന തരത്തിലുള്ള പഠനങ്ങള്‍ വന്നിരുന്നു.
അതേസമയം, പ്രതിരോധശേഷി എത്രകാലം നിലനില്‍ക്കുമെന്ന കാര്യം സ്ഥിരീകരിക്കാനാവശ്യമായ വിവരങ്ങള്‍ ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ആഗസ്തില്‍ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച വൈറ്റ് ഹൗസില്‍ നൂറുകണക്കിന് അനുയായികളെ അണിനിരത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങിവരികയാണെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ആഴ്ച ബാക്ക്-ടു-ബാക്ക് റാലികള്‍ ട്രംപ് ആസൂത്രണം ചെയ്തിട്ടുണ്ട്.