ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാം; പ്രവേശന വിലക്ക് നീക്കി ചൈന
ചൈനയിൽ പഠിക്കാൻ താൽപ്പര്യമുള്ള പുതിയ വിദ്യാർഥികൾക്കും രാജ്യത്തേക്ക് ഇനി വരാൻ കഴിയുമെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന. ഇന്ത്യൻ വിദ്യാർഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടര വർഷത്തിലേറെയായി ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് നേരിട്ടിരുന്നു.
ചൈനയിൽ പഠിക്കാൻ താൽപ്പര്യമുള്ള പുതിയ വിദ്യാർഥികൾക്കും രാജ്യത്തേക്ക് ഇനി വരാൻ കഴിയുമെന്ന് ന്യൂഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി. ദീർഘകാല ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ ഇതോടെ പ്രവേശനം നേടാം. 23,000ത്തോളം വിദ്യാർഥികളാണ് ചൈനയിലേക്ക് തിരികെപോകാൻ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിദ്യാർഥികൾക്ക് വിസ അനുവദിച്ചതിന് പുറമെ വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കായുള്ള എം വിസ, പഠന ടൂറുകൾ, മറ്റ് വാണിജ്യേതര പ്രവർത്തനങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർക്കുള്ള എഫ് വിസ, ജോലിക്കായി എത്തുന്നവർക്കുള്ള ഇസഡ് വിസ എന്നീ വിസകളും ചൈന പ്രഖ്യാപിച്ചു.