സൈന്യവുമായി ഏറ്റുമുട്ടല്‍; ഇന്തോനേസ്യന്‍ സായുധസേനാ നേതാവ് കൊല്ലപ്പെട്ടു

Update: 2021-09-19 08:11 GMT

ജക്കാര്‍ത്ത: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്തോനീസ്യന്‍ സായുധസേനാ നേതാവ് കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ സുലവേസി ദ്വീപിലെ ഒരു ഗ്രാമത്തിലുണ്ടായ സൈന്യവും പോലിസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഈസ്റ്റ് ഇന്തോനേസ്യ മുജാഹിദ്ദീന്റെ (എംഐടി) നേതാവ് അലി കലോറ കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള സംഘടനയാണ് എംഐടിയെന്ന് പോലിസ് പറയുന്നു.

ഇക്രിമ എന്നറിയപ്പെടുന്ന ജകാ റമദാന്‍ എന്ന മറ്റൊരു സായുധസേനാ അംഗവും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റ് നാല് എംഐടി അംഗങ്ങള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. സൈന്യം നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കളും എം 16 റൈഫിളും രണ്ട് വെട്ടുകത്തികളും കണ്ടെത്തിയതായി പോലിസ് പ്രസ്താവനയില്‍ വിശദീകരിച്ചു. 2016 ല്‍ സുരക്ഷാ സേന മുന്‍ തലവനായ സാന്റോസോയെ കൊലപ്പെടുത്തിയതിന് ശേഷമാണ് കലോറ എംഐടി നേതാവായി ചുമതലയേല്‍ക്കുന്നത്.

2020 നവംബറില്‍ സെന്‍ട്രല്‍ സുലവേസിയില്‍ നാല് ഗ്രാമീണരെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ എംഐടിയാണെന്ന് അധികൃതര്‍ ആരോപിച്ചു. എന്നാല്‍, എംഐടി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇന്തോനേസ്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്നാരോപിച്ച് 53 സായുധരെ കഴിഞ്ഞ മാസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News