ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍ 700 മരണം; തിരിച്ചടിച്ച് ഹമാസും

Update: 2023-12-04 06:22 GMT

ഗസ: വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുന്നതില്‍ തീരുമാനമാകാതിരുന്നതിന് പിന്നാലെ ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു. 24 മണിക്കൂറിനുള്ളില്‍ കുട്ടികളടക്കം 700 ലധികം പേരെയാണ് ഇസ്രായേല്‍ ബോംബിട്ട് കൊലപ്പെടുത്തിയത്. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസ്, റഫ മേഖലകളിലാണ് ഇപ്പോള്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കിയത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നടന്ന 400 വ്യോമാക്രമണങ്ങളില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ മേഖലവഴി റഫയില്‍ പ്രവേശിച്ച് ഖാന്‍ യൂനിസിലേക്ക് വരാന്‍ ശ്രമിച്ച ഇസ്രായേല്‍ സൈന്യം ഹമാസിന്റെ കടുത്ത പ്രതിരോധമാണ് നേരിട്ടത്.

ഇവിടെയുള്ള ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസ് അവകാശപ്പെട്ടു. ജഹര്‍ അല്‍ദിക്കിന് സമീപം ക്യാംപ് ചെയ്ത ഇസ്രായേല്‍ സൈനികരെയാണ് വധിച്ചതെന്ന് ഹമാസ് അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ ക്യാംപില്‍ സൂക്ഷിച്ച സ്ഫോടകവസ്തുക്കള്‍ ആക്രമണത്തില്‍ പൊട്ടിത്തെറിച്ചതാണ് ഇത്രയും സൈനികര്‍ കൊല്ലപ്പെടാന്‍ കാരണം. പ്രാദേശികസമയം പുലര്‍ച്ചെ നാലരയോടെയാണ് ഇസ്രായേല്‍ സൈനികര്‍ തമ്പടിച്ച കേന്ദ്രത്തിനുനേരെ ഹമാസ് ആക്രമണം നടത്തിയത്.

ഇസ്രായേല്‍ സൈന്യത്തിന്റെ ടാങ്ക് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. ബെയ്ത്ത് ഹനൂനില്‍ ഇസ്രായേല്‍ ടാങ്ക്, ജെ.സി.ബി എന്നിവ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇസ്രായേലിലേക്കും ഹമാസ് കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തി. അഷ്‌കലാന്‍, അഷ്ദോദ്, സെദെറോദ്, നെറ്റിവോട്, ബീര്‍ഷെബാ, റായിം സൈനിക താവളം എന്നിവയാണ് വെള്ളിയാഴ്ച ആക്രമിച്ചതെന്ന് ഹമാസ് സൈന്യം അറിയിച്ചു. ലക്ഷ്യം നേടുംവരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. ആക്രമണം അവസാനിക്കുന്നത് വരെ തടവുകാരെയും ബന്ദികളെയും മാറ്റാനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്ന് ഹമാസും പ്രസ്താവിച്ചു. അതേസമയം ഇസ്രായേല്‍ സൈന്യം ഫലസ്തീനികള്‍ക്കെതിരെ 'യുദ്ധക്കുറ്റങ്ങള്‍' ചെയ്യുന്നത് തുടരുകയാണെങ്കില്‍ മേഖലയില്‍ യുദ്ധം വിപുലീകരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.





Tags:    

Similar News