അപൂര്‍വയിനം വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു
ലോകത്ത് തന്നെ അവശേഷിച്ചിരുന്ന മൂന്ന് വെള്ള ജിറാഫുകളില്‍ രണ്ടെണ്ണത്തേയാണ് വേട്ടക്കാര്‍ കൊന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കുകിഴക്കന്‍ കെനിയയില്‍ രണ്ട് അപൂര്‍വയിനം വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കുകിഴക്കന്‍ കെനിയയിലെ ഗാരിസ സംരക്ഷണ കേന്ദ്രത്തിലാണ് വനപാലകര്‍ ജിറാഫിനേയും അതിന്റെ കുട്ടിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോകത്ത് തന്നെ അവശേഷിച്ചിരുന്ന മൂന്ന് വെള്ള ജിറാഫുകളില്‍ രണ്ടെണ്ണത്തേയാണ് വേട്ടക്കാര്‍ കൊന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചര്‍മ്മത്തിന്റെ കോശങ്ങള്‍ക്ക് ഉണ്ടാകുന്ന ലൂസിസം എന്ന അപൂര്‍വ അവസ്ഥയാണ് ജിറാഫുകളുടെ വെളുത്ത നിറത്തിന് കാരണം. 2017ലാണ് വെളുത്ത ജിറാഫുകളുടെ ചിത്രങ്ങള്‍ ലോകമെമ്പാടും പ്രചരിച്ചത്. കൊല്ലപ്പെട്ട രണ്ട് ജിറാഫുകളെയും മൂന്ന് മാസം മുമ്പാണ് അവസാനമായി കണ്ടതെന്ന് ഇഷാക്ബിനി ഹിരോല കമ്മ്യൂണിറ്റി കണ്‍സര്‍വേന്‍സി മാനേജര്‍ മുഹമ്മദ് അഹമ്മദ്‌നൂര്‍ പറഞ്ഞു.
വേട്ടക്കാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, അവരുടെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ജിറാഫുകള്‍ കൊല്ലപ്പെട്ടത് അപൂര്‍വമായ ജീവജാലങ്ങളെ സംരക്ഷിക്കാന്‍ സമൂഹം സ്വീകരിച്ച നടപടികള്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കെനിയ വൈല്‍ഡ്‌ലൈഫ് സൊസൈറ്റി അറിയിച്ചു. 2016 മാര്‍ച്ചിലാണ് കെനിയയില്‍ ആദ്യമായി വെള്ള ജിറാഫുകളെ കണ്ടെത്തിയതെന്ന് കണ്‍സര്‍വേന്‍സി അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിനകത്തുതന്നെ ജിറാഫുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ആഫ്രിക്കന്‍ വൈല്‍ഡ് ഫൗണ്ടേഷന്റെ കണക്കുകള്‍ പറയുന്നു. ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയുള്ള വേട്ടയാടല്‍ തുടരുകയാണെന്നും ഫൗണ്ടേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പഠന പ്രകാരം 1985ല്‍ ജിറാഫുകളുടെ എണ്ണം 155,000 ആയിരുന്നു. എന്നാല്‍, 2015ല്‍ ജിറാഫുകളുടെ എണ്ണം 97000 ആയി കുറഞ്ഞിരിക്കുകയാണെന്നും ഐയുസിഎന്‍ കണ്ടെത്തി.