റഷ്യന്‍ കൊവിഡ് വാക്‌സിന്‍ 'സ്പുട്‌നിക് വി' ഇന്ത്യന്‍ മരുന്നുകമ്പനിക്ക്; കൈമാറുന്നത് 10 കോടി ഡോസ്

വാക്‌സിന്‍ പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണസംവിധാനങ്ങളുടെ അനുമതിക്കു വിധേയമായിട്ടായിരിക്കുമെന്ന് ആര്‍ഡിഎഫ് വ്യക്തമാക്കി. റഷ്യ ഇന്ത്യയുമായി വാക്‌സിന്‍ നിര്‍മാണ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്.

Update: 2020-09-16 17:12 GMT

മോസ്‌കോ: കൊവിഡിനെതിരേ റഷ്യ വികസിപ്പിച്ചെടുത്ത 'സ്പുട്‌നിക് വി' വാക്‌സിന്‍ ഇന്ത്യയ്ക്ക് കൈമാറുന്നു. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസിനു 10 കോടി ഡോസ് കൈമാറുമെന്നു റഷ്യന്‍ സര്‍ക്കാരിനു കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) അറിയിച്ചു. വാക്‌സിന്‍ പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണസംവിധാനങ്ങളുടെ അനുമതിക്കു വിധേയമായിട്ടായിരിക്കുമെന്ന് ആര്‍ഡിഎഫ് വ്യക്തമാക്കി. റഷ്യ ഇന്ത്യയുമായി വാക്‌സിന്‍ നിര്‍മാണ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്.

300 ദശലക്ഷം ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) ഇന്ത്യന്‍ നിര്‍മാതാക്കളുമായി ധാരണയിലെത്തിയിരിക്കുന്നത്. റെഗുലേറ്ററി അംഗീകാരത്തിന് വിധേയമായി ഡോ. റെഡ്ഡീസ് ലബോറട്ടി വാക്‌സിനുകളുടെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടത്തുമെന്ന് ആര്‍ഡിഐഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണു റഷ്യ.

ആഗസ്ത് 26ന് അന്തിമഘട്ട വാക്‌സിന്‍ പരീക്ഷണത്തിനു വലിയതോതിലുള്ള ക്രമീകരണങ്ങളാണു റഷ്യ ഒരുക്കിയത്. 40,000 പേരിലാണു വാക്‌സിന്‍ പരീക്ഷിക്കുക. ഇതിനായുള്ള പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്നാണു റിപോര്‍ട്ടുകള്‍. നേരത്തെ, കോവിഡ് വാക്‌സിന്‍ കുത്തിവച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെത്തുടര്‍ന്നു ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ആസ്ട്രസെനെക്കയുടെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. പിന്നീട് പരീക്ഷണം പുനരാരംഭിക്കുകയും ചെയ്തു. ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണു വാക്‌സിന്‍ നിര്‍മാണം പുരോഗമിക്കുന്നത്.  

Tags:    

Similar News