ജക്കാര്‍ത്ത: ഇന്തോനേസ്യയിലെ ജാവ ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായി റിപോര്‍ട്ടുണ്ട്. ദ്വീപിന്റെ തെക്ക് പടിഞ്ഞാറ് മാറി 37 കിലോമീറ്റര്‍ (23 മൈല്‍) ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, തലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെടുകയും കെട്ടിടങ്ങള്‍ കുലുങ്ങുകയും ചെയ്തതായി എഫ്പി റിപോര്‍ട്ട് ചെയ്തു.
ജക്കാര്‍ത്തയില്‍ ആളുകളെ കെട്ടിടങ്ങളില്‍നിന്നും ഒഴിപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് പരിഭ്രാന്തരായി വീടുകളില്‍നിന്നും മറ്റും പുറത്തേക്ക് ഓടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബാന്റന്‍ പ്രവിശ്യയിലെ തീരദേശ നഗരമായ ലാബുവാനില്‍നിന്ന് 88 കിലോമീറ്റര്‍ (54 മൈല്‍) തെക്കുപടിഞ്ഞാറായി ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
സുനാമി അപകടമില്ലെന്ന് ഇന്തോനേസ്യയിലെ കാലാവസ്ഥാ, ജിയോഫിസിക്‌സ് ഏജന്‍സി അറിയിച്ചു. വിശാലമായ ദ്വീപസമൂഹത്തില്‍ ഭൂചനങ്ങള്‍ പതിവായി സംഭവിക്കാറുണ്ട്. എന്നാല്‍, തലസ്ഥാനമായ ജക്കാര്‍ത്തയില്‍ അവ അനുഭവപ്പെടുന്നത് അസാധാരണമാണ്. 10 മില്യന്‍ ജനസംഖ്യയുള്ള നഗരത്തിലെ ഉയര്‍ന്ന ഉയരത്തിലുള്ള താമസക്കാരുടെ കെട്ടിടങ്ങള്‍ കുറച്ച് നിമിഷങ്ങള്‍ ആടിയുലഞ്ഞു. സാറ്റലൈറ്റ് നഗരമായ ടാംഗറാങ്ങില്‍ ഇരുനില വീടുകള്‍ പോലും ശക്തമായി കുലുങ്ങിയതായാണ് റിപോര്‍ട്ടുകള്‍.