ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജിവച്ചു. എംപിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബ്രെക്്‌സിറ്റു നടപ്പാക്കുന്നതില്‍ മെയ് പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണു രാജി. ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാതിരുന്നത് വലിയ വേദനയാണ്. ഇതിനായി തനിക്ക് കഴിയുന്നതെല്ലാം ചെയ്തു. എന്നാല്‍ ഇതിനു സാധിച്ചില്ല. ബ്രക്‌സിറ്റ് നടപ്പാക്കാനാകാത്തത് തികച്ചും നിരാശാജനകമായ കാര്യമാണ്. പുതിയ പ്രധാനമന്ത്രിക്ക് ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ സാധിക്കട്ടെയെന്നു ആശംസിക്കുന്നു- ഔദ്യോഗിക വസതിയായ ഡൌണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്കു മുന്നില്‍ രാജി പ്രഖ്യാപിച്ചുകൊണ്ട് തെരേസ മേയ് പറഞ്ഞു.
അതേസമയം പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തും വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്നു മെയ് അറിയിച്ചു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനവും അടുത്ത മാസം ഏഴിനു രാജിവെക്കുമെന്നും അവര്‍ അറിയിച്ചു.
ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസ മേയും പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയും ധാരണയിലെത്താതെ പിരിഞ്ഞിരുന്നു. ജെറമി കോര്‍ബിന്‍ തന്നെയാണ് ചര്‍ച്ച പരാജയപ്പെട്ടതായി പ്രഖ്യാപിച്ചത്. മേയുടെ സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ജെറമി കോര്‍ബിന്‍ അന്നു ആരോപണമുന്നയിച്ചിരുന്നു.