ജറൂസലേം: അല്‍അഖ്‌സ മസ്ജിദിനു സമീപം തീര്‍ത്ഥാടന പാത എന്ന പേരില്‍ തുരങ്കം നിര്‍മിച്ച ഇസ്രായേല്‍ നടപടിക്കെതിരേ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ (ഒഐസി). ഇസ്രായേലിന്റെ നടപടി തീര്‍ത്തും നിരുത്തരവാദപരമാണെന്നു ഒഐസി നേതാക്കള്‍ പ്രതികരിച്ചു. മേഖലയില്‍ ഇസ്രായേല്‍ തീര്‍ത്തും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. ചരിത്രത്തെയും നിയമത്തെയും അട്ടിമറിക്കാനാണ് ഇസ്രായേല്‍ നീക്കം. മേഖലയില്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നടപടികളില്‍ നിന്നും ഇസ്രായേല്‍ പിന്‍മാറണം- 57 മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ആവശ്യപ്പെട്ടു.
കിഴക്കന്‍ ജറൂസലേമില്‍ അല്‍അഖ്‌സ മസ്ജിദിനു സമീപം സില്‍വാന്‍ ഗ്രാമത്തിലൂടെ ഇസ്രായേല്‍ നിര്‍മിച്ച തുരങ്കം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തത്. ഇസ്രായേല്‍, യുഎസ് രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലാണ് പാത തുറന്നു കൊടുത്തത്. ഫലസ്തീന്റെ കനത്ത പ്രതിഷേധത്തിനിടക്കായിരുന്നു ഇസ്രായേലിന്റെ തുരങ്ക നിരമാണവും ചടങ്ങുകളും.