കാരക്കാസ്: വെനിസ്വേലയിലെ അകാരിഗുവാ ജയിലില്‍ പോലിസുമായി ഏറ്റുമുട്ടിയ 29 തടവുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 19 പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തടവുകാര്‍ ഒന്നിച്ചു ജയില്‍ ചാടാന്‍ ശ്രമിച്ചതാണെന്നും ഇതു പരാജയപ്പെടുത്തുന്നതിനിടെയാണ് തടവുകാര്‍ കൊല്ലപ്പെട്ടതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ അധികൃതരുടെ ഭാഷ്യം വിശ്വാസ്യയോഗ്യമല്ലെന്നും അധികൃതരെ ചോദ്യം ചെയ്ത തടവുകാരെ ഏകപക്ഷീയമായി വെടിവച്ചു കൊല്ലുകയായിരുന്നെന്നും തടവുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന വ്യക്തമാക്കി. തടവുകാരും പോലിസും ഏറ്റുമുട്ടിയെന്നു പറയുന്നുവെങ്കില്‍ തടവുകാര്‍ മാത്രം കൊല്ലപ്പെട്ടതെങ്ങനെയാണ് ?. തടവുകാരുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്നും പോലിസ് വാദിക്കുന്നു. ഇത്തരത്തില്‍ ആയുധങ്ങളുണ്ടെങ്കില്‍ അതു ജയില്‍ അധികൃതരുടെ അനാസ്ഥ കൊണ്ടല്ലെയെന്നും സംഘടനാ നേതാക്കള്‍ ചോദിക്കുന്നു
അതേസമയം ജയിലിലെത്തിയ സന്ദര്‍കരെ ബന്ദിയാക്കിയ തടവുകാരില്‍ നിന്നും ബന്ദികളെ മോചിപ്പിക്കുന്നതിനിടെയാണ് കൊലപാതകങ്ങളുണ്ടായതെന്നും റിപോര്‍ട്ടുകളുണ്ട്. 250 ആളുകളെ ഉള്‍കൊള്ളാന്‍ മാത്രം ശേഷിയുള്ള ജയിലില്‍ 540 ഓളം തടവുകാരാണുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം വെനിസ്വേലയിലെ ജയിലിലുണ്ടായ തീപ്പിടിത്തത്തില്‍ 68 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു. 2017ല്‍ ജയിലിലുണ്ടായ കലാപത്തില്‍ 37 പേരും കൊല്ലപ്പെട്ടിരുന്നു.